സുരക്ഷാ ഭീഷണി; സിഡ്‌നിയില്‍ നടത്താനിരുന്ന ഖാലിസ്ഥാന്‍ പ്രചാരണ പരിപാടി സിറ്റി കൗണ്‍സില്‍ റദ്ദാക്കി

സുരക്ഷാ ഭീഷണി; സിഡ്‌നിയില്‍ നടത്താനിരുന്ന ഖാലിസ്ഥാന്‍ പ്രചാരണ പരിപാടി സിറ്റി കൗണ്‍സില്‍ റദ്ദാക്കി

കാന്‍ബറ: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താനിരുന്ന പ്രചാരണ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ സിറ്റി കൗണ്‍സില്‍ റദ്ദാക്കി. ഓസ്ട്രേലിയ ടുഡേ എന്ന ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ ലെഷര്‍ സെന്റര്‍ സ്റ്റാന്‍ഹോപ്പില്‍ നടത്താനിരുന്ന പരിപാടിയാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം മൂന്ന് രാഷ്ട്രത്തലവന്മാര്‍ മെയ് 24 ന് സിഡ്നിയിലെത്താനിരിക്കെയാണ് സിറ്റി കൗണ്‍സിലിന്റെ സുപ്രധാന നടപടി.

'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന സംഘടന അടുത്ത മാസം നടത്താനിരുന്ന പ്രചാരണ പരിപാടിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരിപാടിയെതുടര്‍ന്ന് ജനങ്ങള്‍ക്കും
പൊതു സ്വത്തുക്കള്‍ക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിക്‌ടോറിയ ആസ്ഥാനമായുള്ള സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നഗരത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന പരിപാടിയുടെ ബാനറുകളും പോസ്റ്ററുകളും അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്യുകയും ചെയ്തു.

രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളെ ആക്രമിക്കുന്ന ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്ട്രേലിയയിലെ പ്രധാപ്പെട്ട പല ഹിന്ദു ക്ഷേത്രങ്ങളിലും ഖാലിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു.

ഓസ്ട്രേലിയയിലെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായ ആരെയും നിയമം ഉപയോഗിച്ച് നേരിടുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍, ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി അല്‍ബനീസി മോഡിക്ക് ഉറപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.