കോണ്‍ഗ്രസിന്റെ 'കൈ'ക്കരുത്തില്‍ താമരയുടെ തണ്ടൊടിഞ്ഞു; ദക്ഷിണേന്ത്യ ബിജെപി മുക്തം

കോണ്‍ഗ്രസിന്റെ 'കൈ'ക്കരുത്തില്‍ താമരയുടെ തണ്ടൊടിഞ്ഞു; ദക്ഷിണേന്ത്യ ബിജെപി  മുക്തം

ബംഗളുരു: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന രാജ്യവ്യാപക മുദ്രാവാക്യമുയര്‍ത്തി പ്രയാണം തുടര്‍ന്ന ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ അതേ മുദ്രാവാക്യം തിരിഞ്ഞു കൊത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചതോടെ ദക്ഷിണേന്ത്യ ഫലത്തില്‍ ബിജെപി മുക്തമായി.

ദക്ഷിണ ഭാരതത്തില്‍ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു കര്‍ണാടക. ആന്ധ്രാപ്രദേശില്‍ ജഗ് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയും കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫുമാണ് ഭരണം നിയന്ത്രിക്കുന്നത്.

അഴിമതിയുടെ കൂത്തരങ്ങായി മാറിയ കര്‍ണാടകയില്‍ ജാതി രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലും മോഡി പ്രഭാവത്തിലും അധികാരം നിലനിര്‍ത്താം എന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ അപ്പാടെ പാളി. രണ്ടും ഏശിയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. എന്നാല്‍ കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം കാണുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടക നല്‍കുന്ന പാഠങ്ങള്‍ പലതാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയാലും അഴിമതിക്കാരെ ജനങ്ങള്‍ ശിക്ഷിക്കുക തന്നെ ചെയ്യും എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ബിജെപിയുടെ ദയനീയ പരാജയം മാത്രമല്ല എട്ട് പ്രമുഖ മന്ത്രിമാരുടെ പരാജയവും അതിന് അടിവരയിടുന്നു.

നേതാക്കള്‍ തമ്മിലുള്ള പടല പിണക്കങ്ങള്‍ മറന്ന് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അടുക്കും ചിട്ടയോടും കൂടി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്താം എന്നതാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മറ്റൊരു പാഠം.

ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ അധികം ചര്‍ച്ച ചെയ്യാതെ സംസ്ഥാനത്തെ ബിജെപി ഭരണത്തിലുണ്ടായ അഴിമതികളും പ്രാദേശിക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാണിച്ചായിരുന്നു ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്.

മാത്രമല്ല കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ആകര്‍ഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സ്ത്രീകള്‍ക്ക് പെന്‍ഷന്‍ അടക്കം കോണ്‍ഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത്.

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് നല്‍കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും സംഭാവനകള്‍ വിസ്മരിക്കാനാകില്ല.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയും കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് കാരണമായിട്ടുണ്ട്. പരസ്പരം പോരടിച്ച് നിന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ജോഡോ യാത്ര കൂടുതല്‍ അടുപ്പിച്ചു. ഇത് ഒരുമയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിത്തറ പാകി എന്നത് വസ്തുതയാണ്.

മാത്രമല്ല, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്ന ഗാന്ധി കുടുംബം കര്‍ണാടകയില്‍ കളം നിറഞ്ഞ് കളിച്ചു. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും സംസ്ഥാനത്തെത്തി പ്രചാരണം കൊഴുപ്പിച്ചതും അനുകൂല ഘടകമായി മാറി.

മോഡി പ്രഭാവം ഏശാതെ പോയി എന്നതാണ് കോണ്‍ഗ്രസ് വിജയത്തിന്റെ മറ്റൊരു ഘടകം. പല ഘട്ടങ്ങളിലായി എട്ട് ദിവസം കര്‍ണാടകത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി എട്ട് റോഡ് ഷോകളിലും 16 റാലികളിലുമാണ് പങ്കെടുത്തത്. മോഡി പ്രഭാവം വോട്ടായി മാറുമെന്ന ബിജെപിയുടെ കണക്കു കൂട്ടല്‍ കര്‍ണാടകയില്‍ പാളുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.