അതീവ സുരക്ഷയില്‍ സെലന്‍സ്‌കി റോമിലെത്തി: മാര്‍പ്പാപ്പയുമായും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി

അതീവ സുരക്ഷയില്‍ സെലന്‍സ്‌കി റോമിലെത്തി: മാര്‍പ്പാപ്പയുമായും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഉക്രെയ്‌നില്‍ സമാധാനം പുലരാന്‍ നിരന്തരം താന്‍ പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.

ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രസിഡന്റ് സെലന്‍സ്‌കിയും ഉക്രെയ്‌നിലെ യുദ്ധം മൂലമുണ്ടായ മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന പോളിഷ് വൈദികനായ ഫാ. മാര്‍ക്കോ ഗോംഗലോ എന്ന പരിഭാഷകന്റെ സഹായത്തോടെയാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയത്.

ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിന്റെ ഏറ്റവും നിരപരാധികളായ ഇരകളോടു പ്രകടിപ്പിക്കേണ്ട മാനുഷികമായ പരിഗണനയുടെ ആവശ്യകത മാര്‍പ്പാപ്പ ഉയര്‍ത്തിക്കാട്ടി.

സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശാഖയെ പ്രതിനിധീകരിക്കുന്ന വെങ്കല ശില്‍പം ഫ്രാന്‍സിസ് പാപ്പ സെലന്‍സ്‌കിക്ക് സമ്മാനമായി നല്‍കി.

റഷ്യയ്ക്കും ഉക്രെയ്‌നുമിടയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കിവരുന്നതിനിടെയുള്ള സന്ദര്‍ശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

അതീവ സുരക്ഷയിലാണ് കൂടിക്കാഴ്ച നടന്നത്. സ്ഥലത്ത് 2000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നേരത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നില്‍ക്കുന്ന റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ വത്തിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യം യുദ്ധം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ ഒരു സമാധാന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദൗത്യം എന്താണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

ഉക്രെയ്‌നെ റഷ്യ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് സെലന്‍സ്‌കി, ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നത്. കീവിലുള്‍പ്പെടെ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സന്ദര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.