മലയാള ചലച്ചിത്ര മേഖല നീന്തിക്കയറിയ 2018 നൂറു കോടി ക്ലബ്ബില്‍ ...

മലയാള ചലച്ചിത്ര മേഖല നീന്തിക്കയറിയ 2018 നൂറു കോടി ക്ലബ്ബില്‍ ...

കൊച്ചി: 2018 ഓഗസ്റ്റ് 15, ഒരിക്കലും മറക്കാന്‍ പറ്റാത്ത ആ ദിവസം .... നിര്‍ത്താതെയുള്ള മഴയും അതിതീവ്രമായ കാറ്റും കടപുഴകി വീഴുന്ന മരങ്ങളും ഇതൊക്കെ നേരില്‍ കണ്ട മലയാളികളാണ് നാം ഓരോരുത്തരും ... അതുകൊണ്ടുതന്നെ 2018 എല്ലാവരും ഒരു ഹീറോ എന്ന മലയാള ചിത്രം മലയാളികള്‍ക്ക് കടന്നുപോയ ആ ദിവസങ്ങളിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലും നാം എന്തായിരുന്നു എന്നും എങ്ങനെയാണ് ആ ദിവസങ്ങള്‍ നമ്മള്‍ കടന്നു പോയതെന്നും ആ ദിനരാത്രങ്ങളെ അതിജീവിച്ചതെന്നും ഓര്‍പ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലിന്റെ സുന്ദര ദൃശ്യ ആവിഷ്‌കാരമാണ്.

എല്ലാവരുടെയും മികച്ച കൂട്ടായ്മയുടെ ഫലമാണ് ഈ ചിത്രത്തിന് 10 ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ കഴിഞ്ഞത്. 100 കോടി ക്ലബ്ബില്‍ ഇടം നേടുക എന്നത് അത്ര ചെറിയ കാര്യമല്ല. മലയാളികള്‍ ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്തു എന്നുള്ളതാണ് ഈ 100 കോടി ക്ലബ്ബിനെക്കാള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സന്തോഷം നല്‍കുന്നത്. യഥാര്‍ത്ഥമായ ചില സംഭവങ്ങളെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് അത് ജനങ്ങളിലേക്ക് എത്തിക്കുക എത്രമാത്രം പ്രയാസകരമായ ഒരു ദൗത്യമാണ്. കൂടാതെ ചിത്രത്തില്‍ അഭിനയിച്ച എല്ലാവര്‍ക്കും തന്നെ അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം അവരുടെ കഥാപാത്രങ്ങളിലൂടെ നല്‍കി ആ കഥാപാത്രങ്ങള്‍ സമൂഹത്തില്‍ എക്കാലത്തും അല്ലെങ്കില്‍ മലയാള സിനിമയുള്ള കാലത്തോളം ജീവിക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റുവാന്‍ കഴിഞ്ഞു.

മലയാളികള്‍ ഒന്നാകെ അനുഭവിച്ചറിഞ്ഞ എന്നാല്‍ ഒട്ടും പരിചിതമല്ലാത്ത ഒരു സന്ദര്‍ഭത്തെ കേരളക്കര ഒന്നാകെ ഒത്തൊരുമിച്ച് നേരിട്ടു. ആ നേരിടല്‍ സത്യത്തില്‍ അതിജീവനമായിരുന്നു. ഒരുപക്ഷേ ഇത് കേള്‍ക്കുന്ന നാമോരോരുത്തരും അല്ലെങ്കില്‍ ഇത് വായിക്കുന്ന നാമോരോരുത്തരും ആ പ്രളയത്തെ അതിജീവിച്ചവരാണ്. ഒരിക്കലും വെള്ളം എത്തത്തില്ല എന്ന് പറഞ്ഞ ചില പ്രദേശങ്ങള്‍ പോലും ആ പ്രളയത്തില്‍ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും അവ ഓര്‍ത്തെടുക്കുന്ന പലരെയും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ടാകാം. കേരളത്തിലെ ചില ജില്ലകള്‍ എങ്കിലും മലയോര പ്രദേശങ്ങളില്‍ പോലും അന്നത്തെ പ്രളയം ബാധച്ചിരുന്നു.

വലിയ ഉരുള്‍ പൊട്ടുന്ന ശബ്ദത്തോടുകൂടി ചെറിയ കൈവഴികള്‍ ഉള്ള തോടുകളിലേക്ക് വെള്ളം ഇരച്ചുകയറി, ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഒക്കെയും ഒറ്റയടിക്ക് തട്ടിപറിച്ചു കൊണ്ട് പോയ ചില കാഴ്ചകള്‍ ഇന്നും ഓര്‍ത്തെടുക്കുന്ന പലരും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. കോഴി കൂട്, വളര്‍ത്തുനായ, അലമാരി, ഒരു വീട്ടില്‍ പെട്ട പാത്രങ്ങള്‍ മറ്റു സാധനങ്ങളൊക്കെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് നിസഹായതയോടെ കണ്ടുനിന്നവര്‍. ആ സമയം ഭാഗ്യം കൊണ്ട് മാത്രം വീട്ടില്‍ നിന്നും മാറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയവര്‍ ആ നിമിഷങ്ങള്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കേരളം നീന്തിക്കേറിയ പ്രളയത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ആ വേദനയില്‍ ഇന്നും കടിച്ചമര്‍ന്ന് ജീവിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന രക്തസാക്ഷികളാണ്.

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ തീരദേശ സഹോദരങ്ങളാണ് പലരുടെയും ജീവന്‍ രക്ഷപ്പെടുത്തിയത്. അവര്‍ സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ അവരെ ഒരിക്കലും കാണാത്ത ഒരു ജനതയെ പുതു ജീവിതത്തിലേക്കും പ്രതീക്ഷയുടെ തീരത്തേക്കും കരകയറ്റിയവരെ ഈ ചിത്രത്തില്‍ പകര്‍ത്തിയെടുക്കാന്‍ സംവിധായകനും അവര്‍ക്ക് ജീവനേകാന്‍ അഭിനേതാക്കള്‍ക്കും സാധിച്ചു എന്നുള്ളത് അവിസ്മരണീയം തന്നെ.

ചിത്രത്തിന്റെ ആദ്യപകുതി വളരെ ശാന്തമാണ് എന്നാല്‍ രണ്ടാം പകുതി ജീവിതങ്ങളില്‍ നേരിട്ട് ആ പ്രതിസന്ധി; നാം ഓരോരുത്തരും അതിജീവിച്ച പ്രളയത്തെ വിജയകരമായി നേരിട്ട് നാടിനെയും നാട്ടുകാരെയുമാണ് കാണാന്‍ സാധിക്കുന്നത്. ഏതു പ്രതിസന്ധികളും അതിജീവിക്കുന്ന നമ്മള്‍ കരകയറി ജീവിച്ച പ്രളയ കഥ.

1924ലെ വെള്ളപ്പൊക്കം അതായത് മലയാള വര്‍ഷം 99ലെ മഹാപ്രളയത്തിനു ശേഷം ഏതാണ് 94 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മറ്റൊരു മഹാപ്രളയത്തെ കേരളക്കര വീണ്ടും അഭിമുഖീകരിച്ചത്.

ചിത്രത്തില്‍ രക്ഷാ ക്യാമ്പുകള്‍ സംഘത്തെ പ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ സമൂഹമാധ്യമ കൂട്ടായ്മകള്‍ തുടങ്ങി ആ സമയം നമ്മള്‍ അനുഭവിച്ച പല ഘടകങ്ങളും ഈ സിനിമയിലുടനീളം ഭാഗഭാക്കാകുന്നു. ഗര്‍ഭിണിയെ എയര്‍ ലിഫ്റ്റ് ചെയ്യുന്നതടക്കം യഥാര്‍ത്ഥ സംഭവങ്ങള്‍ പലതും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ എന്ന നിലയില്‍ ജൂഡ് ആന്റണി പൂര്‍ണ വിജയം തന്നെയെന്ന് പറയാം. സമൂഹത്തിലെ നാനാതുറകളില്‍ ഉള്ളവര്‍ കൈകോര്‍ത്ത് പിടിച്ച് ചില ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകി. ആ പ്രതീക്ഷയുടെ നവ്യാനുഭവമാണ് 2018.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, നരേന്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അഖില്‍.പി ധര്‍മജനാണ് തിരക്കഥ രചിച്ചത്. ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.