കൊച്ചിയിലെ 25,000 കോടിയുടെ വന്‍ ലഹരിവേട്ട: തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎയും; രക്ഷപ്പെട്ടവരെയും പിടികൂടും

കൊച്ചിയിലെ 25,000 കോടിയുടെ വന്‍ ലഹരിവേട്ട: തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎയും; രക്ഷപ്പെട്ടവരെയും പിടികൂടും

കൊച്ചി: പുറങ്കടലില്‍ നിന്ന് 25,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ പാക് പൗരനെ എന്‍ഐഎ ചോദ്യംചെയ്തു. ഭീകരവിരുദ്ധ സ്‌ക്വാഡും വിവരം ശേഖരിച്ചിട്ടുണ്ട്.

കപ്പലില്‍ നിന്ന് പിടികൂടിയ പാക് പൗരന്‍ സുബൈറിനെ കൊച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കും. പിടിയിലായി അഞ്ച് ദിവസമായെങ്കിലും ഇന്നലെ രാവിലെയാണ് സുബൈറിന്റെ അറസ്റ്റ് എന്‍സിബി രേഖപ്പെടുത്തിയത്. ബലൂചി, ഉര്‍ദു ഭാഷകളിലാണ് കോടതിയുടെ ചോദ്യങ്ങളോട് ഇയാള്‍ പ്രതികരിച്ചത്. താന്‍ പാകിസ്ഥാന്‍കാരനല്ലെന്നും ഇറാന്‍കാരനാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതി.

എന്‍സിബി പിടിച്ചെടുത്ത 2,525 കിലോഗ്രാം ലഹരിമരുന്നിന് പുറമേയുള്ള ലഹരിമരുന്ന് കടലില്‍ തള്ളിയതായും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടര്‍ന്നപ്പോള്‍ കടലില്‍ തള്ളിയെന്നും ഇയാള്‍ സമ്മതിച്ചു. വെള്ളംകയറാത്ത രീതിയില്‍ പൊതിഞ്ഞാണ് കടലില്‍ തള്ളിയിരിക്കുന്നത്. ജിപിഎസ് സംവിധാനമുപയോഗിച്ച് ലഹരി റാക്കറ്റിന് പിന്നീടിത് കണ്ടെത്താനാകും. നാവിക സേനയുടെ സഹായത്തോടെ ഇത് കണ്ടെത്താന്‍ എന്‍സിബിയും ശ്രമം തുടങ്ങി.

പാകിസ്ഥാനില്‍ നിന്ന് ലഹരി വസ്തുക്കളുമായി അഞ്ച് ബോട്ടുകളാണ് കൊച്ചിയില്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയത്. നേവിയും എന്‍സിബിയും പിന്തുടരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ബോട്ടുകളിലായി ആറുപേര്‍ രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ പാകിസ്താന്‍പൗരന്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പുറംകടലില്‍ നടത്തിയ പരിശോധനയില്‍ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.