വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ മെക്‌സികോയില്‍ പതിനെട്ടു വയസുകാരന്റെ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ആറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ നേരിടുകയും കൊലപ്പെടുത്തുകയും ചെയ്തതായി ന്യൂ മെക്‌സിക്കോ പൊലീസ് അറിയിച്ചു. ന്യൂ മെക്സിക്കോയിലെ ഫാമിംഗ്ടണില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സംസ്ഥാന തലസ്ഥാനമായ സാന്താ ഫെയില്‍ നിന്ന് 200 മൈല്‍ (320 കിലോമീറ്റര്‍) അകലെയാണ് ഫാമിംഗ്ടണ്‍ എന്ന പ്രദേശം. വെടിവയ്പ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാമിംഗ്ടണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഒരുദ്യോഗസ്ഥനെയും ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരുദ്യോഗസ്ഥനെയും സാന്‍ ജുവാന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സ്‌കൂളുകള്‍ താല്‍ക്കാലികമായി പൂട്ടിയെങ്കിലും തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കി.
പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെന്നാണ് ഫാമിംഗ്ടണ്‍ പൊലീസ് മേധാവി സ്റ്റീവ് ഹെബ്ബ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി ചീഫ് പറഞ്ഞു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 225-മത്തെ കൂട്ട വെടിവയ്പ്പാണെന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പറഞ്ഞു.
കഴിഞ്ഞാഴ്ച അമേരിക്കന്‍ നഗരമായ ടെക്‌സസിലെ മാളില്‍ നടന്ന വെടിവെയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മാളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്ക് നേരെ തോക്കുധാരി വെടിവയ്പ്പ് നടത്തുകയായിരുന്നു. മാളിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കുകയും തോക്കുധാരിയെ വെടിവെച്ച് കൊന്നതായും പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.