കാന്‍ബറയിലെ കത്തോലിക്ക ആശുപത്രി ജൂലൈ മൂന്നിനകം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കാല്‍വരി എന്ന പേരു മാറ്റിയേക്കും

കാന്‍ബറയിലെ കത്തോലിക്ക ആശുപത്രി ജൂലൈ മൂന്നിനകം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കാല്‍വരി എന്ന പേരു മാറ്റിയേക്കും

കാന്‍ബറ: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ കത്തോലിക്ക ആശുപത്രിയായ ബ്രൂസ് കാല്‍വരി പബ്ലിക് ഹോസ്പിറ്റല്‍ ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.

കാല്‍വരി കത്തോലിക്കാ ആശുപത്രിയുടെ പൂര്‍ണ നിയന്ത്രണവും ഉടമസ്ഥതയും ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം ആശുപത്രി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ രാജ്യത്തെ മുന്‍നിര പ്രോജക്ട് മാനേജര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഒരു ടീമിനെ കൂട്ടിച്ചേര്‍ക്കാന്‍ മാസങ്ങളെടുക്കുമെന്നും ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്നും ഇനീഷ്യല്‍ ക്യാപിറ്റല്‍ പ്രോജക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കീറോണ്‍ ഹെവിറ്റ് പറഞ്ഞു.

ആശുപത്രിയുടെ ആസ്തികള്‍ കൈമാറാന്‍ പ്രോജക്ട് ടീമിന് ആറ് മുതല്‍ 12 മാസം വരെ കാലയളവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി ചെറുതാണെന്നും എങ്കിലും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി റേച്ചല്‍ സ്റ്റീഫന്‍-സ്മിത്ത് പറഞ്ഞു.

പുതിയ ഉടമസ്ഥതയ്ക്ക് കീഴില്‍ കാല്‍വരി എന്ന പേര് ഉപയോഗിക്കുന്നത് തുടരാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. ഫോമുകളിലും രേഖകളിലും ഉള്‍പ്പെടെ ആശുപത്രിയുടെ പേര് മാറ്റേണ്ടതുണ്ട്. ആശുപത്രിയുടെ നിയമപരമായ നിലനില്‍പ്പില്‍ മാറ്റംവരും. ഇത് ഒരു കത്തോലിക്കാ ചാരിറ്റി നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമാണ്. പക്ഷേ ഇനിയത് ഒരു ദേശസാല്‍കൃത സംരംഭമായി മാറും.

ആശുപത്രി നിര്‍ബന്ധിതമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാന്‍ബറ-ഗോള്‍ബേണ്‍ അതിരൂപതാ മുന്‍ വികാരി ജനറാള്‍ ഫാ. ടോണി പെര്‍സിയാണ് പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഏറ്റെടുക്കലിനെതിരായ പ്രചാരണവും കാമ്പെയ്‌നും ശക്തമായി തുടരുകയാണ്. 'സേവ് കാല്‍വറി ഹോസ്പിറ്റല്‍' എന്ന പേരില്‍ തയാറാക്കിയ നിവേദനത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ 3000 പേര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കാമ്പെയ്‌ന് നേതൃത്വം നല്‍കുന്ന ഫാ ടോണി പെര്‍സി പറഞ്ഞു.

കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ കീഴില്‍ 44 വര്‍ഷത്തിലേറെയായി ബ്രൂസില്‍ മികച്ച സേവനം നല്‍കുന്ന ആശുപത്രിയാണ് കാല്‍വരി ഹോസ്പിറ്റല്‍. മതിയായ ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് അതിരൂപാംഗങ്ങള്‍ ആരോപിക്കുന്നു.

തങ്ങള്‍ കീഴടങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പോരാടുമെന്നും ഫാ. ടോണി കാന്‍ബെറ ടൈംസിനോട് പറഞ്ഞു. നിയമനിര്‍മ്മാണത്തിലൂടെ ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കത്തെ സ്വത്തവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം എന്നാണ് വിമര്‍ശനം ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.