"പ്രകൃതി ഒരു സുകൃതം"


അർക്കൻ അഴകോലും ആടയണിഞ്ഞു
മുകിലിൻ ജാലകം തുറക്കും നേരം
ഹിമകണമണികൾ തളിരിൽ മുത്തമിടും നേരം
വാനം നീലിമ തൂകി മിഴിവേകി നിൽക്കും നേരം
കുളിർക്കാറ്റു താരാട്ടായ് ചെടികളെ ചിരിപ്പിക്കും നേരം
കിളിനാദം കർണ്ണങ്ങളിൽ ഇമ്പമായൊഴുകും നേരം
പുലരിയോ പ്രകൃതിതൻ മാസ്മരസംഗീതമല്ലോ
താരശലഭങ്ങൾ വാനിൽ പൂപ്പന്തലൊരുക്കും നേരം
പൗർണ്ണമിത്തിങ്കൾ പൊട്ടുതൊട്ടെത്തും നേരം
മിന്നാമിനുങ്ങുകൾ മിന്നിയാടും നേരം
സന്ധ്യയിലെന്നും സൗഗന്ധികമായി നീ വിടരുന്നു
ജീവവായുവേകിയൊപ്പം ആവാസമാകും മരങ്ങളും
പച്ചപ്പുമൊപ്പം പച്ചപ്പുല്ലിൽ വിസ്മയം തീർക്കും ജീവജാലങ്ങളും
ചക്രവാളസീമയിൽ ചെമ്പട്ടുപുതക്കും അരുണമരീചിതൻ മായകളും
പ്രകൃതി കനിയും മിഴിയഴകല്ലോ
തിരയും തീരവും കവിതയിലലിയുന്നൊരേടം
ചിലപ്പോൾ അന്തർഗതത്തിൻ വിചിത്രവിചാരത്താൽ കലിതുള്ളിയിരമ്പും
ചിലപ്പോഴോ പിഞ്ചോമനപോൽ ശാന്തമായ് ശയിക്കും
സാഗരമേ, മഹാസാഗരമേ ഝഷപവിഴജലജീവികൾ
മേയും നിൻ കളിത്തട്ടിലെന്നുമൊരത്ഭുതമായ്
പ്രകൃതി മെനഞ്ഞ താജ്മഹാലോ പാരാവാരം
വസന്തവർഷഹേമന്തവും ശിശിരഗ്രീഷ്മശരത്ക്കാല
ഷഡ് ഋതുക്കളൊക്കേയും മനസ്സിൽ സൗരഭ്യമല്ലോ
വിണ്ണിൽ വിരിയും താരകളും
മണ്ണിൽ വിടരും നിറപ്പൂക്കളും
മുകിൽപ്പക്ഷി പൊഴിയും പുതുമാരിയും
ഇന്ദ്രധനുസ്സിൻ ചാരുതയും
കരളിൽ കുളിർമ്മതൻ അമൃതമായ്
കാടും വീടും നാടും മേടും
പുഴയും പൂക്കളും പുഴുവും പവിഴവും
മഴയും മഞ്ഞും തണുപ്പും തണലും
നയനസുഭഗമല്ലയോ
എൻ ചുവടുകളിൽ കൂട്ടായി നീ
എൻ യാത്രകളിൽ സുഖമേകി നീ
എൻ ചിത്രങ്ങളിൽ മാറ്റേകി നീ
പ്രകൃതീ നീ ഈശ്വരൻതൻ സൃഷ്ടിവൈഭവം
ഏകനായ് മാറുന്ന നേരം
കളിചൊല്ലിയെത്തുന്നു നീയേ
ഒറ്റപ്പെടുന്നൊരാ നിമിഷം
കൂട്ടായി കൂടുന്നു നീയേ
നെഞ്ചൊന്നു നീറുന്ന നേരം
മധുമാരി പൊഴിയുന്നു നീയേ
ജീവവായു പകരും നിന്നെ ഞാൻ
ജീവനു തുല്യം കണ്ടിടാം
തണലായി തുണയേകും നിന്നെ ഞാൻ
ചാരത്തു ചേർത്തിടാം തോഴനേപ്പോൽ
ഓർത്തിടാം മറക്കാതെ എന്നുമെന്നും
പ്രകൃതിയൊരു സുകൃതമാണെന്ന സൂക്തം





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.