മെക്‌സികോയില്‍ 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കത്തോലിക്ക പള്ളി തീവെച്ചു നശിപ്പിക്കാന്‍ ശ്രമം; മറ്റൊരു പള്ളിയിലെ സക്രാരി മോഷ്ടിച്ചു

മെക്‌സികോയില്‍ 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കത്തോലിക്ക പള്ളി തീവെച്ചു നശിപ്പിക്കാന്‍ ശ്രമം; മറ്റൊരു പള്ളിയിലെ സക്രാരി മോഷ്ടിച്ചു

മെക്‌സികോ സിറ്റി: മധ്യ മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാട്ടോയിലെ ഇറാപുവാറ്റോ രൂപതയില്‍ കത്തോലിക്ക പള്ളി തീവെച്ചു നശിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ എത്തിയാണ് സാന്റിയാഗിറ്റോ (സെന്റ് ജെയിംസ്) പള്ളിക്കു തീ കൊളുത്തിയതെന്ന് പ്രസ്താവനയില്‍ രൂപതയുടെ വക്താവ് ഫാ. എഫ്രന്‍ സില്‍വ പ്ലാസെന്‍സിയ പറഞ്ഞു.

17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചര്‍ച്ച് ഓഫ് സാന്റിയാഗ്വിറ്റോ ഈ പ്രദേശത്തിന്റെ സാംസ്‌കാരിക അടയാളമാണെന്നു ഫാ. എഫ്രന്‍ സില്‍വ ചൂണ്ടിക്കാട്ടി. തീപിടിത്തത്തില്‍ നശിച്ച പള്ളിയുടെ ആദ്യ ചിത്രങ്ങള്‍ ഇറാപുവാറ്റോ ബിഷപ്പ് എന്റിക് ദിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു. ദേവാലയം അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചതില്‍ വിശ്വാസികള്‍ പരിഭ്രാന്തിയിലാണ്. സംഭവത്തില്‍ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇതിനകം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് രൂപത അറിയിച്ചു.

'ഇറാപുവാറ്റോ രൂപതാംഗങ്ങള്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഉത്തരവാദികളെ അധികാരികള്‍ കണ്ടെത്തണമെന്നും ഫാ. എഫ്രന്‍ സില്‍വ ആവശ്യപ്പെട്ടു.

നിരവധി ആളുകളുടെ പരിശ്രമത്തിന്റെയും സഹകരണിന്റെയും ഫലമായി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പുരോഹിതന്‍ പറഞ്ഞു. പള്ളി കെട്ടിടത്തിലുടനീളം പുകയാല്‍ കേടുപാടുകള്‍ സംഭവിച്ചു. ആക്രമണമുണ്ടായെങ്കിലും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തില്‍ സഭ അക്ഷീണം പ്രവര്‍ത്തനം തുടരുമെന്നും രൂപതാ വക്താവ് ഉറപ്പുനല്‍കി.

മറ്റൊരു സംഭവത്തില്‍ മെക്‌സികോ സിറ്റിയില്‍ നിന്ന് 60 മൈല്‍ അകലെയുള്ള ജിയുറ്റെപെക് പട്ടണത്തിലെ സെന്റ് ലൂക്ക് ദി ഇവാഞ്ചലിസ്റ്റ് ഇടവകയുടെ മേല്‍നോട്ടത്തിലുള്ള ചാപ്പലിലെ സക്രാരി മോഷ്ടിക്കപ്പെട്ടു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയില്‍ കുര്‍നാവാക്ക രൂപതയുടെ ബിഷപ്പ് റാമോണ്‍ കാസ്‌ട്രോ കാസ്‌ട്രോ അറിയിച്ചു.

ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് പരിഹാരമായി വിശ്വാസികള്‍ തങ്ങളുടെ സമൂഹങ്ങളില്‍ ദിവ്യബലി അര്‍പ്പിക്കാനും ഉചിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യാനും ബിഷപ്പ് തന്റെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

'പരിശുദ്ധ അമ്മ വിശ്വാസ സമൂഹങ്ങളെ ഐക്യത്തോടെ നിലനിര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും തുടരട്ടെ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പ്രസ്താവന ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.