തൃശൂര്‍: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.രാമചന്ദ്രന്‍ പിള്ള എന്ന പി.കെ.ആര്‍ പിള്ള (92) ഓര്‍മയായി. തൃശൂര്‍ പീച്ചിയിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലമായി സിനിമാരംഗത്തു സജീവമല്ലാതിരുന്ന പിള്ളയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഓര്‍മക്കുറവുമുണ്ടായിരുന്നു. മലയാളുകള്‍ ഇന്നും മൂളി നടക്കുന്ന പല പാട്ടുകളും ഇറങ്ങിയത് അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ്.
1984 ല്‍ 'വെപ്രാളം' എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കുള്ള പ്രവേശനം. അതില്‍ അഭിനയിച്ചിട്ടുമുണ്ട്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ഇരുപത്തിനാല് ചിത്രങ്ങള്‍ നിര്‍മിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമയായിരുന്നു.
ജീവിതം സിനിമ പോലെ ദുരന്തം നിറഞ്ഞതായിരുന്നു എന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയും വേണ്ട. സിനിമയില്‍ നിന്നുള്ള വരുമാനം നഷ്ടത്തിലാണ് കലാശിച്ചത്. ഇന്നോ നാളെയോ ഒരു കൈസഹായം വരുമെന്ന് അദ്ദേഹത്തിന്റെ മനസില്‍ ആരോ പറഞ്ഞിരുന്നു. അതൊരു പ്രതീക്ഷയുടെ കോട്ട കെട്ടി ജീവിതത്തിലെ പച്ച തുരുത്ത് സ്വപ്‌നം കണ്ടിരിക്കെയാണ് ഇളയമകനും ചലചിത്ര താരവുമായ സിദ്ധാര്‍ഥിനെ ഗോവയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സംഭവത്തിന് ശേഷം പിന്നീട്, അദ്ദേഹം അധികമാരോടും സംസാരിക്കുവാന്‍ പോലും ശ്രമിച്ചില്ല. ആരോടും മിണ്ടാതെ ഒഴിഞ്ഞു മാറിയ ആ ജീവിതം ഓരോ ദിവസവും പ്രതീക്ഷയുടെ നല്ല നാളെ സ്വപ്‌നം കണ്ട് പോന്നിരുന്നു.
2002 ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിര്‍മ്മിച്ച ചിത്രം. പ്രണയമണിത്തൂവല്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. അവസാനകാലത്ത് സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിച്ചു. സിനിമയില്‍ തിരിച്ചടിയായത് ഈ ചലച്ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് മറ്റാരുടെയോ കൈകളില്‍ എത്തിയത് മുതലാണ്.
എണ്‍പതുകളില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളാണ്. പ്രിയദര്‍ശന്റെ ചിത്രം എന്ന സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്‍ പിള്ളയുടെ ഭാഗ്യ രേഖ തെളിയുകയായിരുന്നു. പക്ഷേ ആ ഭാഗ്യത്തിന്റെ ഗുണഭോക്താവാകാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചിരുന്നില്ല.
സിനിമയിലും കുതിരപന്തയത്തിലും ഒരുപോലെ തത്പരനായത് പിള്ളയ്ക്ക് തിരിച്ചടിയായി. അദ്ദേഹത്തിന്റെ സമ്പത്തുകള്‍ ആ രീതിയില്‍ നഷ്ടമായി. ഒട്ടനവധി പന്തയക്കുതിരകള്‍ പിള്ളയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. സമൂഹത്തില്‍ ഉന്നതരുമായി വരെ അടുത്ത ബന്ധം ഒരു കാലത്ത് പുലര്‍ത്തിയ അദ്ദേഹത്തിന്റെ അവസാന നാളുകള്‍ കഷ്ടത നിറഞ്ഞതായിരുന്നു.
ഒരു ചലച്ചിത്ര തിരക്കഥയെ വെല്ലുന്ന മുഹൂര്‍ത്തങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇടം പിടിച്ചത്. ദുരന്ത നായകനായി സ്വയം മാറിയെന്നു വേണം കരുതാന്‍... മറ്റുള്ളവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്ത് നല്‍കിയപ്പോള്‍ തനിക്കെല്ലാം നഷ്ടമാകുമെന്ന് ഒരിക്കലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. ഭാര്യ രമ. രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാര്‍ഥ് എന്നിവരാണു മക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.