ആമസോണ്‍ വനത്തിലെ വിമാനാപകടം; കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലു കുട്ടികളെ 17 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി

ആമസോണ്‍ വനത്തിലെ വിമാനാപകടം; കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലു കുട്ടികളെ 17 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി

കൊളംബിയ: ആമസോണ്‍ വനത്തിനുള്ളില്‍ മെയ് ഒന്നിന് തകര്‍ന്നുവീണ ചെറുവിമാനത്തിലെ യാത്രക്കാരായ നാലു കുട്ടികളെ 17 ദിവസത്തിനു ശേഷം ജീവനോടെ കണ്ടെത്തി. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ പതിമൂന്നും ഒന്‍പതും നാലും വയസുള്ള കുട്ടികളെയാണ് കൊടുംവനത്തിനുള്ളില്‍ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തിയത്. അതേസമയം, പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയിരുന്നു.

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കുട്ടികള്‍ രക്ഷപ്പെട്ട സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'രാജ്യത്തിന്റെ സന്തോഷം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാട്ടില്‍ കമ്പും മരത്തിന്റെ ശിഖരങ്ങളും മറ്റും കൂട്ടിവച്ച് ഒരു താല്‍കാലിക ഷെഡ് ഉണ്ടാക്കിയിരിക്കുന്നത് സ്ഥലത്ത് തിരച്ചിലിനെത്തിയ സൈനികര്‍ കണ്ടെത്തി. ഇതോടെയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ കാട്ടിനുള്ളില്‍ അലഞ്ഞുനടക്കുന്നുണ്ടാകാം എന്ന അനുമാനത്തില്‍ സൈനികര്‍ എത്തിയത്.

ഷെഡില്‍ നിന്ന് ഒരു കത്രികയും തലയിലിടുന്ന ബാന്‍ഡും സൈനികര്‍ക്കു ലഭിച്ചു. ഇതുകൂടാതെ കുഞ്ഞുങ്ങള്‍ക്ക് വെള്ളം കൊടുക്കുന്ന ഒരു കുപ്പിയും പകുതി കഴിച്ച പഴവും കണ്ടെത്തിയിരുന്നു. കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലായതോടെ നൂറിലധികം സൈനികരെയും ഡോഗ് സ്‌ക്വാഡിനെയും തിരച്ചില്‍ സംഘത്തിലേക്ക് നിയോഗിച്ചതായി പ്രസിഡന്റ് അറിയിച്ചു.

കഠിനമായ തിരച്ചിലിനു ശേഷം കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ ബുധനാഴ്ച പറഞ്ഞു. 'സൈന്യത്തിന്റെ കഠിനമായ തിരച്ചിലിന് ശേഷം, ഗ്വാവിയറില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ ഞങ്ങള്‍ ജീവനോടെ കണ്ടെത്തി. രാജ്യത്തിന് ഇതു സന്തോഷ നിമിഷം' - പെട്രോ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കുട്ടികളെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ഹെലിക്കോപ്റ്ററുകളും കുട്ടികളെ തിരഞ്ഞ് പറക്കുന്നുണ്ട്. ഇതിലൊന്നില്‍ നിന്ന് കുട്ടികളുടെ അമ്മൂമ്മയുടെ ശബ്ദസന്ദേശവും പുറപ്പെടുവിച്ചു. കുട്ടികളോട് കാട്ടിനുള്ളിലേക്ക് പോകരുത്, ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ നില്‍ക്കണമെന്ന നിര്‍ദേശം ഉച്ചത്തില്‍ കേള്‍പ്പിച്ചു. മുത്തശ്ശിയുടെ ശബ്ദം തിരിച്ചറിഞ്ഞ് കുട്ടികള്‍ നിലവിലുള്ള സ്ഥലത്ത് തന്നെ നില്‍ക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.

കാട്ടിനുള്ളിലെ തിരച്ചില്‍ അതീവ ശ്രമകരമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ കുട്ടികളെ തിരയുന്നത് ദുഷ്‌കരമായ ശ്രമമാണ്. പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകും.

കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന, തെക്കുകിഴക്കന്‍ കൊളംബിയയിലെ തദ്ദേശീയ ജനതയായ ഹ്യുട്ടോട്ടോ വിഭാഗത്തില്‍ പെട്ടവരാണ് കുട്ടികള്‍. വേട്ടയാടാനും, മീന്‍പിടിക്കാനും മറ്റുമുള്ള അവരുടെ കഴിവുകളാകാം കുട്ടികളെ അതിജീവിക്കാന്‍ സഹായിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ കാട്ടുപഴങ്ങള്‍ കഴിച്ചാണ് കുഞ്ഞുങ്ങള്‍ ദിവസങ്ങളോളം വിശപ്പടക്കിയത്.

മേയ് ഒന്നിന് വിമാനം അപ്രത്യക്ഷമായതു മുതല്‍ നൂറിലധികം സൈനികര്‍ സ്‌നിഫര്‍ നായകളെ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. സെസ്ന 206 ലഘുവിമാനം ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയ്ക്കും സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിനുമിടയില്‍ പറക്കുന്നതിനിടെയാണ് പുലര്‍ച്ചെ അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നതിന്റെ കാരണം കൊളംബിയന്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും റഡാര്‍ സംവിധാനത്തില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പൈലറ്റ് എഞ്ചിന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി രാജ്യത്തിന്റെ ദുരന്ത പ്രതികരണ വിഭാഗം അറിയിച്ചു.

ഇടതൂര്‍ന്ന മരങ്ങള്‍ക്കിടെയിലൂടെ കുത്തനെയാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗം നിലത്തിടിച്ച് പൂര്‍ണമായും തകര്‍ന്നു. വിമാനാവശിഷ്ടങ്ങളുടെ ചിത്രം കൊളംബിയന്‍ ആര്‍മി ട്വിറ്ററിലൂടെ പുറത്തുവിട്ടു. സൈന്യത്തോടൊപ്പം മേഖലയിലെ ഗോത്രവര്‍ഗക്കാരും കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ പങ്കെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.