കമോൺ കേരള അഞ്ചാം എഡിഷൻ മേയ്​ 19 മുതൽ ഷാർജ എക്സ്പോ സെന്‍ററില്‍

കമോൺ കേരള അഞ്ചാം എഡിഷൻ മേയ്​ 19 മുതൽ ഷാർജ എക്സ്പോ സെന്‍ററില്‍

ഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ്​ മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ മേയ്​ 19, 20, 21 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കും. ​യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ്​ 18ന്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിൽ ഇൻവസ്റ്റ്​മെന്‍റ്​ സമ്മിറ്റും നടക്കും. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെയും ഷാർജ കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡെവലപ്​മെന്‍റ്​ അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മിഡിലീസ്​റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കമോൺ കേരളയുടെ ഉദ്​ഘാടനം മേയ്​ 19ന്​ വൈകുന്നേരം നാലിന്​ ഷാർജ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഗവൺമെന്‍റ്​ റിലേഷൻസ്​ എക്സിക്യൂട്ടീവ്​ ചെയർമാൻ ഷെയ്ഖ്​ ഫാഹിം ബിൻ സുൽത്താൻ ബിൻ ഖാലിദ്​ അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ്​ കൊ​മേഴ്​സ്​, കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡവലപ്​മെന്‍റ്​ അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ്​ പ്രതിനിധികൾ എന്നിവർ പ​ങ്കെടുക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച്​ മേളയുടെ പകൽ സമയങ്ങളിലും സന്ദർശകരെ ആകർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും​. രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര അണിനിരക്കും. മേളനഗരിയിലെത്തുന്നവരെ കാത്ത്​ കാംറി കാർ ഉൾപെടെ നിരവധി സമ്മാനങ്ങളാണ്​ ഒരുക്കുന്നത്​.

രാജ്​ കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാൻസ്​ ഇൻ ഷാർജ’ മൂന്ന്​ ദിവസവും പകൽ സമയങ്ങളിൽ ആസ്വാദകരെ കൈയിലെടുക്കും. കുടുംബ ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ടിപ്സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോൾ ആൻഡ്​ പേളി’ ഷോയുമായി എത്തും. കൊച്ചു കുട്ടികൾക്കായി ചിത്ര രചന മത്സരം, സൗന്ദര്യ പാഠങ്ങൾ പകരുന്ന ‘ദ ആർട്ട്​ ഓഫ്​ ഗ്രൂമിങ്​’, പാട്ടിന്​ സമ്മാനവുമായി ‘സിങ്​ എൻ വിൻ’, മജീഷൻ രാജമൂർത്തിയുടെ മാജിക്​ വർക്​ഷോപ്​ എന്നിവ സന്ദർശകർക്ക് ആനന്ദത്തിനൊപ്പം അറിവ്​ പകരുന്ന വിഭവങ്ങളാണ്​.

ഭക്ഷണ പ്രേമികൾക്ക് രുചിയുടെ​ വിരുന്നൊരുക്കി ഡസർട്ട്​ മാസ്റ്റർ തത്സമയ പാചക മത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ്​ പിള്ളയുടെ പാചക വർക്​ ഷോപ്പ്​ എന്നിവയുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്‍റീരിയർ ഡിസൈൻ​ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്​റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും.

സാമൂഹിക മാധ്യമങ്ങളിലൂടെയും സ്​റ്റേജ്​ ഷോകളിലൂടെയും ആസ്വാദക മനസുകളിലേക്ക്​ ചേക്കേറിയ വൈറൽ സൂപ്പർ സ്​റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്​സാണ്​ ആദ്യ ദിവസത്തെ പ്രത്യേകത. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക്​ ഓഫ്​ മൈൻഡ്​ഫുൾനെസ്​ ഇന്ത്യൻ സ്ത്രീത്വത്തിന്‍റെ ആഘോഷ വേദിയായിരിക്കും. നടി ഭാവന മുഖ്യാതിഥിയായെത്തും. വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ അവാർഡ്​ നൽകും.

മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകരുന്ന ‘ഹാർമോണിയസ്​ കേരള’ അവസാന ദിവസമായ ഞായറാഴ്ച നടക്കും. വിവിധ ഗൾഫ്​ രാജ്യങ്ങളി​ലെ സംഗീതാസ്വാദകർക്കിടയിൽ അറിയ​പ്പെട്ട ബ്രാൻഡായി മാറിയ ‘ഹാർമോണിയസ്​ കേരള’യിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായെത്തും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന്​ പ്രവാസ ലോകത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും. ​യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കൾ സുസ്ഥിരത സന്ദേശം പകർന്നുനൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ്​ എം.പി എന്നിവർ പ​ങ്കെടുക്കും.

കമോൺ കേരളയുടെ മുന്നോടിയായി മേയ്​ 18ന്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിൽ നടക്കുന്ന ഇൻവസ്റ്റമെന്‍റ്​ സമ്മിറ്റിൽ പ്രമുഖ സംരംഭകർ വിജയ കഥകൾ പങ്കുവെക്കും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച്​ ഒരു വർഷം തികയുന്ന പശ്​ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ്​ വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.

വി.കെ. ഹംസ അബ്ബാസ്​, ചീഫ്​ എഡിറ്റർ, ഗൾഫ്​ മാധ്യമം, കെ. മുഹമ്മദ്​ റഫീഖ്, ഗ്ലോബൽ ഹെഡ്​, മാധ്യമം ബിസിനസ്​ ഓപറേഷൻസ്​, മുഹമ്മദ്​ സലീം അമ്പലൻ, ഡയറക്ടർ, മിഡിലീസ്റ്റ്​ ഓപറേഷൻസ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ അജിൽ മുഹമ്മദ്​, സി.ഇ.ഒ, ഹൈലൈറ്റ്​ ഗ്രൂപ്പ്​ ജസ്റ്റിൻ സണ്ണി, ജനറൽ മാനേജർ, ഇന്‍റർനാഷനൽ ഓപറേഷൻസ്​, ജോയ്​ ആലുക്കാസ്​, അഫി അഹ്​മദ്​, മാനേജിങ്​ ഡയറക്ടർ, സ്മാർട്ട്​ ട്രാവൽ, ഷാർജ എക്സ്​പോ സെന്‍റർ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജർ സന്ദീപ്​ ബോലാർ, ‘ഗൾഫ്​ മാധ്യമം’ -മീഡിയവൺ എക്സിക്യുട്ടീവ്​ കമ്മിറ്റി വൈസ്​ ചെയർമാൻ ഡോ. അബ്​ദുൽ സലാം ഒലയാട്ട്​, ഗൾഫ്​ മാധ്യമം കൺട്രി ഹെഡ്​ ഹാഷിം ജെ.ആർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.