ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; ദ കേരള സ്റ്റോറിയുടെ പ്രദര്‍ശന നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; ദ കേരള സ്റ്റോറിയുടെ പ്രദര്‍ശന നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: 'ദ കേരള സ്റ്റോറി' ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. സിനിമയ്ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനാല്‍ ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ബംഗാള്‍ സര്‍ക്കാര്‍ നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരോധനം ന്യായീകരിക്കാനാവില്ലെന്നും അതിനാല്‍ ചിത്രത്തിന്റെ നിരോധന ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും കോടതി അറിയിക്കുകയായിരുന്നു. സിനിമയില്‍ പറയുന്നത് പോലെ യുവതികളുടെ മത പരിവര്‍ത്തനത്തിന് തെളിവുകളില്ല. അതിനാല്‍ തന്നെ സിനിമ ഒരു സാങ്കല്‍പ്പമാണെന്നാണ് കോടതി പറഞ്ഞത്. മോശം സിനിമകള്‍ ബോക്സ് ഓഫീസില്‍ തകരുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

സിനിമയ്ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനവും ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴ്‌നാട് തിയേറ്ററുകളില്‍ നിന്ന് ചിത്രം ഒഴിവാക്കിയതും ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. സിനിമയുടെ സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ജൂലൈയില്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

മെയ് അഞ്ചിനാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' തിയേറ്ററില്‍ എത്തിയത്. ഇതില്‍ കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിനെ കുറിച്ചും പിന്നെ അവരെ ഐഎസില്‍ ചേര്‍ത്തെന്നുമുള്ള ആരോപണങ്ങള്‍ സിനിമയില്‍ ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.