'വാഹനങ്ങള്‍ വിട്ടുകിട്ടണം': കസ്റ്റംസ് നടപടിക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

'വാഹനങ്ങള്‍ വിട്ടുകിട്ടണം': കസ്റ്റംസ് നടപടിക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖൂറുമായി ബന്ധപ്പെടുത്തി കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് എസ്.യു.വികള്‍ കേരളത്തിലേക്ക് കടത്തിയ കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.

അതേസമയം കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണര്‍ മാഹീന്‍ അന്‍സാരിയെ ചോദ്യം ചെയ്തു വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ അരുണാചല്‍ സ്വദേശിയെന്ന നിലയിലുള്ള വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നത്.

കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.