പെര്‍ത്ത്: ആഫ്രിക്കയില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വയോധികനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ക്ക് എഴു വര്‍ഷത്തിനു ശേഷം മോചനം. പെര്‍ത്ത് സ്വദേശിയായ ഡോ. കെന്നത്ത് ഏലിയറ്റാണ് (88) മോചിതനായത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ജിബോയില്‍ മെഡിക്കല്‍ ക്ലിനിക് നടത്തുകയായിരുന്ന ഏലിയറ്റിനെയും ഭാര്യ ജോസ്ലിനെയും 2016-ലാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള, ബുര്‍ക്കിന ഫാസോയിലെ എമിറേറ്റ് ഓഫ് സഹാറ എന്ന സംഘടനയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ജോസ്ലിനെ സംഘം വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഏലിയറ്റിന്റെ മോചനത്തിനായി അപേക്ഷിച്ച് ജോസ്ലിന്‍ രംഗത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നുള്ള ദമ്പതികള്‍ 1972 മുതല്‍ രാജ്യത്ത് താമസിക്കുകയും വടക്കന്‍ പട്ടണമായ ജിബോയില്‍ ഒരു മെഡിക്കല്‍ ക്ലിനിക്ക് നടത്തി വരികയുമായിരുന്നു.
ഏലിയറ്റിന്റെ മോചനം ഉറപ്പാക്കാന്‍ കാലാകാലങ്ങളായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ രാത്രി അദ്ദേഹം പെര്‍ത്തിലേക്കു മടങ്ങി. ഓസ്ട്രേലിയന്‍ സര്‍ക്കാരോ ഡോ. ഏലിയറ്റിന്റെ കുടുംബമോ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
ഏലിയറ്റ് സുരക്ഷിതനാണെന്നും ഭാര്യ ജോസ്ലിനും മക്കളുമായി വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ മോചനത്തിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ഏലിയറ്റിന്റെ കുടുംബവും അക്ഷീണം പ്രയത്നിച്ചതായും വോങ് പറഞ്ഞു.
ബുര്‍ക്കിന ഫാസോയിലേക്ക് മാറുന്നതിന് മുമ്പ്, ഡോ. ഏലിയറ്റ് ഫ്രീമാന്റില്‍ ഹോസ്പിറ്റലിലും പിന്നീട് കല്‍ഗൂര്‍ലിയിലെ എയര്‍ മെഡിക്കല്‍ സേവനമായ റോയല്‍ ഫ്‌ളൈയിംഗ് ഡോക്ടര്‍ സര്‍വീസിലും ജോലി ചെയ്തിട്ടുണ്ട്. ദരിദ്രരെ സഹായിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ദമ്പതികള്‍ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ബുര്‍ക്കിന ഫാസോയിലേക്ക് മാറുകയായിരുന്നു.
ബുര്‍ക്കിന ഫാസോയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കലാപം 2015 മുതല്‍ തുടര്‍ന്നുവരികയാണ്. തീവ്രവാദി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും കണക്കിലെടുത്ത് ബുര്‍ക്കിന ഫാസോയിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ, വ്യാപാര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.