മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടിമിസ് ദൗത്യം; സ്പേസ് എക്സിന് പിന്നാലെ നാസയുടെ കരാര്‍ സ്വന്തമാക്കി ബ്ലൂ ഒറിജിനും

മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടിമിസ് ദൗത്യം; സ്പേസ് എക്സിന് പിന്നാലെ  നാസയുടെ കരാര്‍ സ്വന്തമാക്കി ബ്ലൂ ഒറിജിനും

കാലിഫോര്‍ണിയ: ലോക കോടീശ്വരനായ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന് നാസയുടെ കരാര്‍. നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി 2029-ല്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാനുള്ള ലൂണാര്‍ ലാന്റര്‍ നിര്‍മിക്കാനുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് നാസ ഈ പ്രഖ്യാപനം നടത്തിയത്. ലൂണാര്‍ ലാന്ററിന്റെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും പരീക്ഷണത്തിനും മറ്റുമായി 340 കോടി ഡോളര്‍ (28165 കോടി രൂപ) കരാര്‍ തുകയായി ബ്ലൂ ഒറിജിന് നല്‍കി.

ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, ബഹിരാകാശ പേടക സോഫ്റ്റ്‌വെയര്‍ കമ്പനിയായ ആസ്ട്രോബോട്ടിക് എന്നിവയുമായി സഹകരിച്ച് 52 അടി ഉയരമുള്ള ബ്ലൂ മൂണ്‍ ലാന്‍ഡര്‍ നിര്‍മിക്കാനാണ് ബ്ലൂ ഒറിജിന്‍ പദ്ധതിയിടുന്നത്. ഏകദേശം 28,165 കോടി രൂപയുടെ കരാറാണ് ബ്ലൂ ഒറിജിന് ലഭിച്ചിട്ടുള്ളതെന്ന് നാസ പര്യവേഷണ മേധാവി ജിം ഫ്രീ പറഞ്ഞു. ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു. നേരത്തെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനിയുമായും നാസ കരാര്‍ ഒപ്പിട്ടിരുന്നു

ആര്‍ട്ടിമിസ് ദൗത്യത്തിനായി രണ്ടാമത്തെ ചാന്ദ്ര പേടകമുണ്ടാകുന്നത് വാണിജ്യ മത്സരത്തെ പ്രോത്സാഹിപ്പിക്കുമെന്ന് നാസ അഡ്മനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ നാസയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ ചാന്ദ്ര പര്യവേക്ഷണ യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലായിരിക്കും ലാന്ററിന്റെ രൂപകല്‍പന. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനും നാസ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതിനും സാധിക്കണം. ബ്ലൂ ഒറിജിന്‍ നിര്‍മിക്കുന്ന ലാന്ററില്‍ മനുഷ്യര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ലാന്ററിന്റെ ആളില്ലാ പരീക്ഷണം നടത്തുന്നതും കൂടി ഉള്‍പ്പെടുന്നതാണ് കരാര്‍.

നാല് ബഹിരാകാശ സഞ്ചാരികളാണ് ആര്‍ട്ടിമിസ് 5 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പുറപ്പെടുക. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലായിരിക്കും വിക്ഷേപണം. ഓറിയോണ്‍ പേടകത്തിലാണ് ബഹിരാകാശ സഞ്ചാരികളുടെ യാത്ര. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ഗേറ്റ് വേ ബഹിരാകാശ നിലയവുമായി ഓറിയോണ്‍ പേടകത്തെ ബന്ധിപ്പിക്കുകയും യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്കു മാറുകയും ചെയ്യും. പിന്നീട് നാല് യാത്രികരില്‍ രണ്ട് പേര്‍ ബ്ലൂ ഒറിജിന്‍ നിര്‍മിക്കുന്ന ലാന്റിങ് സംവിധാനത്തിലേക്ക് മാറുകയും ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുകയും ചെയ്യും.

ആര്‍ട്ടിമിസ് 3 ദൗത്യത്തിന് വേണ്ടിയുള്ള ലൂണാര്‍ ലാന്ററിന്റെ കരാര്‍ നല്‍കിയിരിക്കുന്നത് സ്പേസ് എക്സിനാണ്. ഈ ചാന്ദ്രദൗത്യത്തിനായി 24,850 കോടിയാണ് സ്പേസ് എക്സ് നേടിയത്. 2025-ല്‍ ഈ ദൗത്യം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ കരാര്‍ ലഭിച്ചതോടെ നാസയുടെ സഹായത്തോടെ ബഹരികാശദൗത്യത്തിന് അവസരം ലഭിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറുകയാണ് ബ്ലൂ ഒറിജിന്‍.

1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.