ജി 20 സമ്മേളനത്തിന് ശ്രീനഗറില്‍ തുടക്കം; യോ​ഗത്തിനെത്തിയ പ്രതിനിധികൾക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ജി 20 സമ്മേളനത്തിന് ശ്രീനഗറില്‍ തുടക്കം; യോ​ഗത്തിനെത്തിയ പ്രതിനിധികൾക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ന്യൂഡൽഹി: മൂന്നാമത് ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ശ്രീനഗറില്‍ തുടക്കം. യോഗത്തിനായി ശ്രീനഗറിലെത്തിയ പ്രതിനിധികൾക്ക് വിമാനത്താവളത്തിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം. സുരക്ഷ ഭീഷണിയുള്ളതിനാലും 2019 ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയായതിനാലും കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തിനായി ത്രിതല സുരക്ഷാ ഗ്രിഡിന് കീഴിലായി വ്യോമ നിരീക്ഷണത്തനായി ഡ്രോണും സുരക്ഷക്കായി ദേശീയ സുരക്ഷാ ഗാർഡുകളെയും (എൻ എസ് ജി) മാർക്കോസ് കമാൻഡോകളേയും ജമ്മു കാശ്മീരിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും (എസ് ഒ ജി) പല സ്ഥലങ്ങളിലും വിന്യസിച്ചു. പ്രതിനിധികളെ വരവേൽക്കാൻ ശ്രീനഗർ നഗരം വലിയ തോതില്‍ മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരിലെ വിനോദ സഞ്ചാര-വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്ന ജി 20 ഉച്ചകോടി യോഗങ്ങളെ വരവേൽക്കാൻ കാശ്മീരിലെ ജനങ്ങളും തയ്യാറായിരിക്കുകയാണ്.

ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീനഗറിൽ പൊതുജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഈ ജി20 ഉച്ചകോടി യോഗം ജമ്മു കാശ്മീരിന്റെ എല്ലാ മേഖലകളിലും വികസനത്തിന് ഉത്തേജനം നൽകുമെന്നും കേന്ദ്രഭരണ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.