'കോച്ചിങ് ക്ലാസില്‍ പോയില്ല, പഠിച്ചത് തനിയെ'; മലയാളിക്ക് അഭിമാനമായി പാലാക്കാരി ഗഹാനാ നവ്യ ജെയിംസ്

'കോച്ചിങ് ക്ലാസില്‍ പോയില്ല, പഠിച്ചത് തനിയെ'; മലയാളിക്ക് അഭിമാനമായി പാലാക്കാരി ഗഹാനാ നവ്യ ജെയിംസ്

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച ജയം നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആറാം റാങ്ക് നേടിയ മലയാളി ഗഹാനാ നവ്യ ജെയിംസ്. പാലാ സ്വദേശിയായ ഗഹാനാ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്.

സ്വന്തമായി പഠിച്ചാണ് ഗഹാനാ മികച്ച വിജയം നേടിയത്. കോച്ചിങ് ക്ലാസില്‍ പോയില്ലെന്ന് ഗഹാനാ മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ പത്രം വായിക്കും. പത്രം വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്റര്‍നെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സെല്‍ഫ് സ്റ്റഡിയായിരുന്നു. കുടുംബത്തിന്റെ പിന്തുണ നല്ലപോലെ ലഭിച്ചിരുന്നുവെന്നും ഗഹാനാ പറഞ്ഞു. ഡിഗ്രിക്ക് പഠിക്കുന്ന അനിയന്‍ നല്ല പിന്തുണ നല്‍കിയതായും അവര്‍ പറഞ്ഞു.

പാലായിലാണ് പഠിച്ചത്. പാലാ അല്‍ഫോന്‍സ് കോളജില്‍ നിന്ന് ബിരുദവും പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഗഹാനായ്ക്ക് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും യൂണിവേഴ്സിറ്റി റാങ്കും ലഭിച്ചിരുന്നു. നിലവില്‍ എംജി സര്‍വകലാശാല ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഈ മിടുക്കി.

അമ്മയുടെ സഹോദരന്‍ ഫോറിന്‍ സര്‍വീസിലാണ്. ജപ്പാനില്‍ അദ്ദേഹം ഇന്ത്യന്‍ അംബാസഡര്‍ ആണ്. അദ്ദേഹം തനിക്ക് നല്ല പിന്തുണ നല്‍കിയതായും ഗഹാനാ പറയുന്നു. പഠിക്കാന്‍ ഫിക്സഡ് ടൈംടേബിള്‍ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അങ്കിളിന്റെ സ്വാധീനമാണ് ലോക കാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രചോദനമായതെന്നും ഗഹാനാ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.