ജനന-മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കും; ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് അമിത് ഷാ

ജനന-മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കും; ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജനന-മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി പാര്‍ലമെന്റില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കും. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ ഓഫീസായ 'ജനഗണ ഭവന്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൗരന്മാരുടെ രജിസ്റ്റര്‍, വോട്ടര്‍ പട്ടിക, ഗുണഭോക്തൃ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്ന ആളുകളുടെ പട്ടിക എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന് ജനന-മരണ രജിസ്‌ട്രേഷന്‍ പ്രധാനമാണ്. ജനന-മരണ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ പ്രത്യേക രീതിയില്‍ സൂക്ഷിച്ച് വച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ വിഭാവനം ചെയ്യാന്‍ കഴിയുമെന്നും അമിത് ഷാ പറഞ്ഞു.

ജനന-മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് 18 വയസാകുമ്പോള്‍ അയാളുടെ പേര് സ്വയമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെടും. അതുപോലെ തന്നെ വ്യക്തി മരണപ്പെട്ട വിവരം ഇലക്ഷന്‍ കമ്മീഷന് ലഭിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്യാം.

ഡിജിറ്റലും കൃത്യവുമായ സെന്‍സസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലങ്ങളില്‍ നേട്ടമുണ്ടാകാന്‍ കഴിയും. മുന്‍കാല സെന്‍സസുകള്‍ ഉപയോഗിച്ച് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയില്ലെന്നും അതില്‍ ആവശ്യമായ ഡാറ്റകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനഗണ ഭവന്‍ ഉദ്ഘാടനത്തിനൊപ്പം ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടലും അമിത് ഷാ ഉദ്ഘാടനം ചെയ്തു. അടുത്ത സെന്‍സസ് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ആയിരിക്കും. ഒരാള്‍ മറ്റെവിടെയെങ്കിലും നിന്ന് സര്‍വേ നടത്താന്‍ ശ്രമിച്ചാലോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അഴിമതി കാണിച്ചാലോ ഈ സംവിധാനം ദേശീയ-സംസ്ഥാന തലങ്ങളില്‍ അലേര്‍ട്ടുകള്‍ അയയ്ക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.