കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് അസിസ്റ്റന്റ് പിടിയില്‍; ഒറ്റമുറി വീട്ടില്‍ പരിശോധനയില്‍ പിടിച്ചെടുത്തത് ഒരു കോടി രൂപയും 17 കിലോ നാണയങ്ങളും

കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് അസിസ്റ്റന്റ് പിടിയില്‍; ഒറ്റമുറി വീട്ടില്‍ പരിശോധനയില്‍ പിടിച്ചെടുത്തത് ഒരു കോടി രൂപയും 17 കിലോ നാണയങ്ങളും

പാലക്കാട്: മന്ത്രി ഉള്‍പ്പടെ പങ്കെടുത്ത സര്‍ക്കാരിന്റെ 'കരുതലും കൈത്താങ്ങും' അദാലത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിലായി. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായത്.

മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, കലക്ടര്‍ ഡോ.എസ്. ചിത്ര, സബ് കലക്ടര്‍ ഡി.ധര്‍മലശ്രീ തുടങ്ങിയവര്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പുറത്ത് കൈക്കൂലിക്കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ പിടിയിലാകുന്നത്.

തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപയുടെ സ്വത്ത് വഹകള്‍ കണ്ടെടുത്തു. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ഉള്‍പ്പെടെ കണ്ടെടുത്തത്.

കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമായിരുന്നു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. അഞ്ചുരൂപയുടെയും പത്ത് രൂപയുടെയും നാണയത്തുട്ടുകളായിരുന്നു കൂടുതല്‍. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍.

പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സിനെ അറിയിച്ചു. മണ്ണാര്‍ക്കാട് എംഇഎസ് കോളജിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറില്‍വച്ച് 2,500 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇതേ വസ്തു എല്‍എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അഞ്ചു മാസം മുമ്പ് 9,000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടര്‍ന്നാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴും കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണ്. അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും വിജിലന്‍സ് അറിയിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാര്‍ ഏതാണ്ട് 17 വര്‍ഷത്തോളമായി പാലക്കാട് മണ്ണാര്‍കാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്തുവരികയായിരുന്നു. കേരളത്തില്‍ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും പിടികൂടുന്ന വലിയ സംഖ്യയാണ് ഇതെന്നാണ് വിജിലന്‍സ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.