എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ

എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. 

തീർത്ഥാടനത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി മെയ് 24,25,26 തീയതികളിൽ ഓൺലൈൻ മരിയൻ കൺവെൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് ആറ് മണി മുതൽ 7.30 വരെ ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിൽ ജപമാല, മരിയൻ സന്ദേശം, മരിയൻ ഡിവോഷൻ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തലശ്ശേരി രൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് എന്നിവർ മരിയൻ സന്ദേശം നൽകും. ഫാ. ജെബിൻ പത്തിപറമ്പിൽ, സിസ്റ്റർ ആൻ മരിയ എസ്എച്ച്, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ മരിയൻ ഡിവോഷൻ നയിക്കും. സൂമിലും രൂപതയുടെ യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലും പ്രാർത്ഥനാ ശുശ്രൂഷകൾ തത്സമയം ലഭ്യമാണ്. 

(https://www.youtube.com/csmegb)
മെയ് 27 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ച്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തുടർന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, 4.45 നു സമാപനം, സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർത്ഥാടനത്തിന്റെ സമയക്രമം.

തീർത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു.

തീർത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്‌പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ഷിജു (07897642951) , അനൂപ് (07823344484), മനോഷ് (07720253801), ബിനു (07720260194), ജാൻസി (07944612105)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.