'ചില ജീവനക്കാര്‍ അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവര്‍'; അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

'ചില ജീവനക്കാര്‍ അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവര്‍'; അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരില്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും സത്യസന്ധമായി സര്‍വീസ് ജീവിതം നയിക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ ഇടപെടണം. ആ ഇടപെടല്‍ അയാളെ തിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഇത്തരമൊരു ജീവിതം ആ മഹാന്‍ നയിക്കുമ്പോള്‍ ഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാലക്കാട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിന് സഹായം നല്‍കിയവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ.രാജനും പ്രതികരിച്ചു.

അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. ഒരാള്‍ വ്യാപകമായി അഴിമതി നടത്തുമ്പോള്‍ അതേ ഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല. അപചയം പൊതുവില്‍ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ജീവനക്കാര്‍ മനസിലാക്കണം. എന്ത് മാത്രം ദുഷ്‌പേരാണ് പാലക്കാട്ടെ കൈക്കൂലി സംഭവം ഉണ്ടാക്കിയതെന്ന് നമുക്ക് അറിയാം. അപ്പോള്‍ അത്തരം സംഭവങ്ങളില്‍ ഗൗരവമായി ഇടപെടണം. ഒരുപാട് പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ചിലത് സാങ്കേതിക പ്രശ്‌നമാണ്. പക്ഷേ നാം എപ്പോഴും ജനപക്ഷത്തായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കെഎംസിയു ഇനി എന്‍ജിഒ യൂണിയനില്‍ ലയിക്കും. റവന്യു വകുപ്പിലെ അഴിമതി തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ടോള്‍ഫ്രീ നമ്പര്‍ അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. അഴിമതിക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍വീസ് ചടങ്ങളില്‍ ഭേദഗതി ആവശ്യമാണ്. ഇതിന് സര്‍ക്കാരിന്റെ കൂട്ടായ ആലോചന ഉണ്ടാകണം.

പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതിയെ തുടര്‍ന്ന് ഒരു സ്ഥലത്തും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.