ഇടത് രാഷ്ട്രീയക്കാറ്റില്‍ കേരളം ചുവന്നു....! വലതിനും ബിജെപിക്കും അടിതെറ്റി

ഇടത് രാഷ്ട്രീയക്കാറ്റില്‍ കേരളം ചുവന്നു....! വലതിനും ബിജെപിക്കും അടിതെറ്റി

കൊച്ചി: കേരളത്തില്‍ അപ്രതീക്ഷിതമായുണ്ടായ ഇടത് രാഷ്ട്രീയ ന്യൂനമര്‍ദ്ദത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുവപ്പന്‍ രാഷ്ട്രീയക്കാറ്റായി ആഞ്ഞ് വീശിയപ്പോള്‍ യുഡിഎഫിന്റെ പല സ്ഥിരം കോട്ടകളിലും വിള്ളല്‍ വീണു. ചിലത് നിലം പൊത്തി. വിടരാന്‍ വെമ്പിയ താമരയും ചുവപ്പന്‍ കാറ്റില്‍ ചുരുങ്ങിപ്പോയി.

ഇടത് മുന്നണിയും സര്‍ക്കാരും ചരിത്രത്തില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ നേരിട്ട് പ്രതിരോധത്തിലായ തെരഞ്ഞെടുപ്പായിരുന്നു ഇത്. സ്വപ്‌നയും സ്വര്‍ണക്കടത്തും....സ്പ്രിംഗ്ലറും ലൈഫ് മിഷനും.... കിഫ്ബിയും കെ ഫോണും... അങ്ങനെ നിരവധി അഴിമതി ആരോപണങ്ങളെ നേരിട്ടാണ് ഇടത് മുന്നണി തിളങ്ങുന്ന വിജയത്തിലേക്ക് നടന്നു കയറിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഉരുക്ക് കോട്ടയായ പുതുപ്പള്ളിയില്‍ പോലും ചെങ്കൊടി പാറിച്ചു എന്നത് ഇടത് വിജയത്തിന്റെ തിളക്കമേറ്റുന്നു. ഹരിപ്പാട് പ്രതിപക്ഷ നേതാവിന്റെ സ്വന്തം വാര്‍ഡിലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഴിയൂര്‍ പഞ്ചായത്തില്‍ മുല്ലപ്പള്ളിയുടെ വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം ലീഗിന് സീറ്റില്ലാത്ത ഏക നഗരസഭയായി നിലമ്പൂര്‍ മാറി. തന്റെ ശക്തി കേന്ദ്രമായ തൊടുപുഴയില്‍ പോലും നേരിട്ട കനത്ത തിരിച്ചടി പി.ജെ ജോസഫിനും വലിയ ക്ഷീണമായി.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. കേന്ദ്രമന്ത്രി കെ മുരളീധരന്റെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില കൊണ്ടിരുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ ഇടതു മുന്നണി വ്യക്തമായ മുന്നേറ്റം നടത്തിയത് ജോസ് കെ മാണിക്ക് നേട്ടമായി. എല്‍ഡിഎഫ് വിജയമുറപ്പിച്ച ആദ്യ മുനിസിപ്പാലിറ്റിയായി പാലാ മാറിയത് രണ്ടിലയുടെ പിന്തുണയോടെയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉദയം കൊണ്ട ട്വന്റി-ട്വന്റിയുടെ അഭിമാനാര്‍ഹമായ വിജയമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. കഴിഞ്ഞ തവണ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഇടത്, വലത് മുന്നണികളെ തോല്‍പ്പിച്ച് ഭരണം പിടിച്ച അവര്‍ ഇത്തവണ കിഴക്കമ്പലം നിലനിര്‍ത്തുകയും തൊട്ടടുത്തുള്ള ഐക്കരനാട് പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളും പിടിച്ചെടുക്കുകയും ചെയ്തു.

സമീപ പഞ്ചായത്തുകളായ കുന്നത്തുനാട്ടിലും മഴുവന്നൂരിലും വന്‍ മുന്നേറ്റം നടത്തിയ ട്വന്റി-ട്വന്റി എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ അട്ടിമറി വിജയം നേടുകയും ചെയ്തു. രാഷ്ട്രീയമൊന്നുമില്ലാതെ പൊതുജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ രീതിയില്‍ ഒരു പ്ലാറ്റ്‌ഫോം രൂപപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തള്ളിക്കളയും എന്നതിന് തെളിവാണ് ട്വന്റി-ട്വന്റിയുടെ വന്‍ മുന്നേറ്റം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതേച്ചൊല്ലി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാക്‌പോരും മുന്നണിക്ക് തിരിച്ചടിയായി. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താമെങ്കില്‍ സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് ഇനിയുമേറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

തെരഞെടുപ്പ് ഫലം:

ആറ് കോര്‍പ്പറേഷനുകളില്‍ കണ്ണൂര്‍ ഒഴികെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 10, യുഡിഎഫ് - 4. ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് - 35, യുഡിഎഫ് - 45, ബിജെപി - 2, മറ്റുള്ളവര്‍ - 4. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 108, യുഡിഎഫ് - 44 എന്നിങ്ങനെയാണ് വിജയം. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് -515, യുഡിഎഫ് - 376, എന്‍ഡിഎ - 22. മറ്റുള്ളവര്‍ - 28 എന്നിങ്ങനെയാണ് അവസാന തെരഞ്ഞെടുപ്പ് ഫലം.

ജയ്‌മോന്‍ ജോസഫ്‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.