സോള്‍: ലാന്‍ഡിങിനു തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍. 194 യാത്രക്കാരുമായി പുറപ്പെട്ട ഏഷ്യാന എയര്‍ലൈന്‍സ് എന്ന വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ദക്ഷിണ കൊറിയയിലെ ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം. എക്സിറ്റ് ഡോറിന് സമീപമിരുന്ന യാത്രക്കാരനാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പിന്നീട് അറിയിച്ചു. വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്കു ചാടാനും ഇയാള്‍ ശ്രമിച്ചു. ഈ സമയം വിമാനം നിലത്തു നിന്ന് 250 മീറ്റര്‍ ഉയരത്തിലായിരുന്നു.
സംഭവത്തില്‍ 30 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നിന്ന് പുറപ്പെട്ട ഏഷ്യാന എയര്‍ലൈന്‍സ് വിമാനം സോളില്‍ നിന്ന് 237 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള ദേഗുവിലേക്ക് പോകുന്നതിനിടെ പ്രാദേശിക സമയം 12.45നാണ് സംഭവം. 194 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഭാഗ്യത്തിന് യാത്രക്കാരില്‍ ആരും വീഴുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തില്ല. വിമാനം സുരക്ഷിതമായി തന്നെ ലാന്‍ഡ് ചെയ്തതായും ഏഷ്യാന എയര്‍ലൈന്‍സ് അറിയിച്ചു. അതേസമയം യാത്രക്കാരന്റെ പ്രവൃത്തി ഏറെ നേരം വലിയ ആശങ്കയ്ക്കു കാരണമായി.
ചിലര്‍ക്ക് ഭയം മൂലം ശ്വാസതടസം നേരിട്ടു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും നിലവിളിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ശ്വാസ തടസം നേരിട്ട യാത്രക്കാര്‍ക്ക് ലാന്‍ഡ് ചെയ്ത ഉടനെ മെഡിക്കല്‍ സഹായം എത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഏഷ്യാന എയര്‍ലൈന്‍സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.