ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ച കുടുംബത്തിന് ജീവപര്യന്തം; ജയിലുകളില്‍ 70,000 ക്രിസ്ത്യാനികള്‍ കൊടിയ പീഡനം നേരിടുന്നു

ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ച കുടുംബത്തിന് ജീവപര്യന്തം; ജയിലുകളില്‍ 70,000 ക്രിസ്ത്യാനികള്‍ കൊടിയ പീഡനം നേരിടുന്നു

പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ചതിന് കുട്ടി ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ കുടുംബം ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുള്‍പ്പെടെ ഉത്തര കൊറിയയില്‍ 70,000 ക്രിസ്ത്യാനികളെ തടവിലാക്കിയിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

2009-ലാണ് മാതാപിതാക്കള്‍ ബൈബിള്‍ കൈവശം വെച്ച സംഭവത്തില്‍ രണ്ടു വയസുള്ള കുട്ടിയെ അടക്കം ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്നത്. ഇവരെ രാഷ്ട്രീയത്തടവുകാര്‍ക്കുള്ള ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ പാര്‍പ്പിച്ചിട്ടുള്ള ക്രിസ്ത്യന്‍ തടവുകാര്‍ ശാരീരിക മര്‍ദനമടക്കമുള്ള കഠിന ശിക്ഷകള്‍ നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഉത്തരകൊറിയ ഭരണഘടനാപരമായി മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും അതു പ്രായോഗത്തില്‍ വരുത്തിയിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മതപരമായ ആചാരങ്ങള്‍ പിന്തുടരുന്നവരെയും മതത്തെ സൂചിപ്പിക്കുന്ന സാധനങ്ങള്‍ കൈവശം വെക്കുന്നവരെയും വിശ്വാസപരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നവരെയും ശിക്ഷിക്കുന്നത് രാജ്യത്തു പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായവരെ ജയിലിലടച്ച് ലൈംഗിക പീഡനമുള്‍പ്പെടെയുള്ളവ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ ഇത്തരത്തില്‍ കൊടിയ മര്‍ദനമനുഭവിക്കുന്നതായി 2021 ഡിസംബറില്‍ കൊറിയ ഫ്യൂച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലരും മരണത്തിന് കീഴടങ്ങാറുണ്ട്. അതിക്രമത്തിനിരയായ 151 സ്ത്രീകളുമായി സംസാരിച്ചാണ് അഭിമുഖം തയാറാക്കിയത്. നിലവില്‍ ഉത്തരകൊറിയയുമായി യു.എസിന് നയതന്ത്രബന്ധമില്ല.

ഉത്തര കൊറിയയില്‍ ക്രിസ്ത്യാനിയായി ജീവിച്ചാല്‍ ഒന്നുകില്‍ ജീവപര്യന്തം തടവോ അല്ലെങ്കില്‍ മരണമോ നേരിടേണ്ടി വരുമെന്ന് ഓപ്പണ്‍ ഡോര്‍സ് എന്ന എന്‍ജിഒ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.