ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സാന്നിധ്യം സന്ദേശങ്ങള്‍ മാത്രമായി ഒതുങ്ങും. കോണ്‍ഗ്രസ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്.
രാവിലെ ഏഴര മുതല്‍ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ഉദ്ഘാടത്തിന് മുന്നോടിയായി സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി.
തമിഴ്‌നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. ലോക്സഭയില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍ നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി ഇവരെ ആദരിക്കും.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോഡിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. പ്രസിഡന്റിനെ മാറ്റിനിര്‍ത്തി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപമാനകരം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞാണ് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ഉദ്ഘാടന ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തില്‍ ശക്തമായ പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ഇന്ന് പാര്‍ലമെന്റിനു മുന്നില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും അവര്‍ക്ക് പിന്തുണ അറിയിച്ച് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.