അമിത് ഷായുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മണിപ്പൂരില്‍ വീണ്ടും അക്രമം; ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അമിത് ഷായുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മണിപ്പൂരില്‍ വീണ്ടും അക്രമം; ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായി നടന്ന സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉണ്ടായ അക്രമത്തില്‍ അത്യാധുനിക ആയുധങ്ങളുമായി എത്തിയ സംഘം സെറോവിലും സുഗുനുവിലും നിരവധി വീടുകള്‍ക്ക് തീയിട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ വംശീയ കലാപത്തില്‍ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇംഫാലില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ അക്രമാസക്തമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി അമിത് ഷാ നേരത്തെ മെയ്‌തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിനിധികളുമായും മറ്റു വിഭാഗങ്ങളുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ശനിയാഴ്ച മണിപ്പൂരിലെത്തി ക്രമസമാധാന നില വിലയിരുത്തി.

എം-16, എകെ 47 തോക്കുകളും സ്നൈപ്പര്‍ തോക്കുകളും ഉപയോഗിച്ച് സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. പല ഗ്രാമങ്ങളിലും വീടുകള്‍ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനയുടെയും സഹായത്തോടെ ഞങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 40 ഓളം ഭീകരര്‍ വെടിയേറ്റ് മരിച്ചതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് പ്രതികരിച്ചു.

സംവരണ ആനുകൂല്യങ്ങളും വനഭൂമിയിലേക്കുള്ള പ്രവേശനവും നല്‍കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ ആദിവാസി വിഭാഗമായ കുക്കികള്‍ പ്രതിഷേധിച്ചപ്പോള്‍, കഴിഞ്ഞ മാസം സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടു. റിസര്‍വ് വനഭൂമിയില്‍ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് പ്രക്ഷോഭങ്ങളായി മാറിയത്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ സര്‍ക്കാര്‍ പല മേഖലകളിലും കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.