കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ ജർമനി കിതയ്ക്കുന്നു; ഇന്ത്യയെയും ബാധിക്കും

കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ ജർമനി കിതയ്ക്കുന്നു; ഇന്ത്യയെയും ബാധിക്കും

ബർലിൻ: ലോകത്തിലെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്പത്തിക ശക്തിയായ ജർമനി കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ. 2023 ന്റെ തുടക്കം മുതൽ അതി രൂക്ഷമാണ് ജർമനിയിലെ സാഹചര്യങ്ങൾ. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന സമയത്താണ് റഷ്യ ഉക്രെയ്ൻ യുദ്ധം ജർമനിക്ക് ഭീഷണിയായി അവതരിച്ചത്. പിന്നാലെ ഊർജ പ്രതിസന്ധി അടക്കം പല പ്രശ്നങ്ങളും ജർമനിയെ പ്രതികൂലമായി ബാധിച്ചു. പുതിയ സർക്കാരിന്റെ സാമ്പത്തിക നയങ്ങളും ജർമനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതിന് കാരണമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റം ജനങ്ങളെ തീവ്രവമായിട്ടാണ് ബാധിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില അനു ദിനം വർദ്ധിച്ചുവരികയാണ്. പലരും സാധനങ്ങൾ വാങ്ങാനാവാതെ ബുദ്ധിമുട്ടുകയാണെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2023 ലെ ആദ്യ പാദമായ ജനുവരി മാർച്ചിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 0.3 ശതമാനം. തുടർച്ചയായ രണ്ടുപാദങ്ങളിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് ആകുമ്പോഴാണ് ഒരു രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണുവെന്ന് പറയുക. ജർമ്മനിയിലെ കുടുംബങ്ങളുടെ ചെലവിൽ പാദാടിസ്ഥാനത്തിൽ 1.2 ശതമാനത്തിന്റെയും ഇടിവുണ്ട്. ഇറക്കുമതി കഴിഞ്ഞപാദത്തിൽ 0.9 ശതമാനവും ഇടിഞ്ഞു. ഏഴ് ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. ജർമ്മൻ സമ്പദ്‌ വ്യവസ്ഥ കടുത്ത മാന്ദ്യത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

ജർമ്മനിയിലെ മാന്ദ്യം ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജർമ്മനി. 2022-23ൽ 1,020 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ജർമ്മനിയിലേക്ക് നടത്തിയത്. മെഷീനറികൾ, ഇലക്ട്രോണിക്‌സ്, വാഹനഘടകങ്ങൾ, പാദരക്ഷകൾ, കെമിക്കലുകൾ, സ്റ്റീൽ, സിമന്റ്, ലെതർ ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ജർമ്മനി കരകയറാൻ വൈകിയാൽ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് അത് തിരിച്ചടിയാകും.

മാന്ദ്യം കേരളത്തിലെ വിദ്യാർത്ഥികളെ ബാധിക്കുമോ?

യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നിവ കഴിഞ്ഞാൽ കേരളത്തിൽ നിന്ന് ഏറ്റവുമധികം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മനി. അതിന് ചില കാരണങ്ങളുണ്ട്. ഒന്ന്, ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ
വിദ്യാഭ്യാസം സൗജന്യമാണ്. രണ്ട്, ജർമ്മനിയിലേക്കുള്ള വീസ നടപടികൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതവുമാണ്. ട്യൂഷൻ ഫീസ് സൗജന്യമായതിനാൽ പാർട്ട്-ടൈം ജോലി വഴിയുള്ള വേതനം വിദ്യാർത്ഥികൾക്ക് സ്വന്തം ആവശ്യങ്ങൾക്ക് തന്നെ പ്രയോജനപ്പെടുത്താം. ബ്രിട്ടനിലും മറ്റും പാർട്ട്-ടൈം ജോലി ചെയ്യേണ്ടി വരുന്നത് പ്രധാനമായും ട്യൂഷൻ ഫീസ് ഉൾപ്പെടെ അടയ്ക്കാനാണ്. ജർമ്മനിയിൽ ഈ പ്രശ്‌നമില്ല.

സാങ്കേതികമായാണ് ജർമ്മനി മാന്ദ്യത്തിലേക്ക് വീണിട്ടുള്ളത്. ഇത് വിദ്യാഭ്യാസ മേഖലയെ ബാധിക്കാൻ സാധ്യത കുറവാണെങ്കിലും പാർട്ട് ടൈം ജോലി ചെയ്ത് ചെലവു കണ്ടെത്തുന്നവരെ ബാധിച്ചേക്കാമെന്ന് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.