റഷ്യൻ ചാര തിമിംഗലം വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യൻ ചാര തിമിംഗലം വീണ്ടും പ്രത്യക്ഷപ്പെട്ടു; ഇത്തവണ എത്തിയത് സ്വീഡൻ തീരത്ത്

റഷ്യയുടെ ചാര തിമിംഗലമാണെന്ന് സംശയിക്കുന്ന ബെലുഗ തിമിംഗലം സ്വീഡൻ തീരത്ത്. മത്സ്യ തൊഴിലാളികളാണ് വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. ഗോപ്രോ ക്യാമറ കഴുത്തിൽ ഘടിപ്പിച്ച ബെലുഗ തിമിംഗലം 2019 മുതൽ നോർവേയിലായിരുന്നു. ഇവിടെ വളരെ പതുക്കെ സഞ്ചാരം തുടർന്ന് തിമിംഗലം രണ്ട് മാസം മുൻപ് സഞ്ചാര പാത മാറ്റി യാത്ര വേഗത്തിലാക്കുകയായിരുന്നു. തുടർന്ന് സ്വീഡനിലെ തെക്ക് പടിഞ്ഞാറൻ തീരത്ത് കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ തിമിംഗലം വേഗത വര്‍ധിപ്പിച്ചതിന് പിന്നിലെ കാരണമെന്താണെന്നാണ് പരിശോധിക്കുന്നത്. റഷ്യൻ നാവികസേന പരിശീലിപ്പിച്ച തിമിംഗലമാണ് ഇതെന്നാണ് വിവരം. റഷ്യൻ സേനയുടെ കുതിരകളുടെ കഴുത്തിൽ കെട്ടുന്ന തരം ബെൽറ്റാണ് തിമിംഗലത്തിന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. ഇതാണ് റഷ്യൻ നാവികസേനയുടെ ചാര തിമിംഗലമാണെന്ന് സംശയം ഉയർത്തുന്നത്. കൂട്ടത്തോടെ കഴിയുന്ന വർഗമാണ് ബെലൂഗ. എന്തുകൊണ്ടാണ് ഈ തിമിംഗലം ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ചാര തിമിംഗലത്തിന് 14 വയസുണ്ടാകുമെന്നാണ് വിലയിരുത്തൽ.

തിമിംഗലം റഷ്യന്‍ നാവികസേനയുടെ പരിശീലനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാകാമെന്നാണ് നോര്‍വേ നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു. തിമിംഗലത്തിന് 'വാള്‍ഡിമര്‍' എന്നാണ് നോര്‍വെ പേരിട്ടിരിക്കുന്നത്. തിമിംഗലത്തിന്റെ നോർവീജിയൻ പദമായ 'വാള്‍' എന്നതും റഷ്യയുടെ ചാര തിമിംഗലമെന്ന് സൂചിപ്പിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ പേരിന്റെ ഭാഗവും ചേർത്താണ് വാള്‍ഡിമർ എന്ന പേര് നൽകിയത്.

ചാരവൃത്തിക്കായി പലരാജ്യങ്ങളും പക്ഷികളേയും മൃഗങ്ങളേയും പരിശീലിപ്പിച്ചെടുക്കാറുണ്ട്. മനുഷ്യരുമായി വളരെ വേഗം ഇണങ്ങുന്നവയാണ് ആര്‍ട്ടിക് സമുദ്ര മേഖലയില്‍ കാണപ്പെടുന്ന ബെലുഗ തിമിംഗലങ്ങള്‍. നല്ല ബുദ്ധിശക്തിയുള്ളതിനാൽ തന്നെ, നായ്ക്കളെ പരിശീലിക്കുന്ന പോലെ ഇവയെ കൃത്യമായി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയും. സമുദ്രത്തിന്റെ 40 മുതൽ 60 അടിവരെയുള്ള തട്ടിൽ ജീവിക്കുന്നവയാണ് ബെലുഗ തിമിംഗലങ്ങള്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ നോര്‍വേ, റഷ്യ എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ വെള്ളത്തിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്.

അതേ സമയം ചാര തിമിംഗല അഭ്യൂഹങ്ങളിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനികാവിശ്യങ്ങള്‍ക്കായി തിമിംഗലങ്ങളെ ഉപയോഗിക്കുന്ന പ്രത്യേക കേന്ദ്രം ക്രിമിയയിൽ റഷ്യയ്ക്കുണ്ടെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വിദേശ ചാരന്മാരെ കൊലപ്പെടുത്താനുൾപ്പെടെയുള്ള പരിശീലനം ഇവയ്ക്ക് നൽകിവരുന്നുണ്ടെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.