ബീജിങ്ങ്: കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയുടെ മുൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവി പ്രൊഫസർ ജോർജ്ജ് ഗാവോ. കോവിഡ് വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി ചൈനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചൈനയെ പ്രതിരോധത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തൽ.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്തിനേയും സംശയിക്കാം, അതാണ് ശാസ്ത്രം. പക്ഷെ ഒരു സംശയവും തള്ളികളയരുതെന്ന് ഗാവോ ബിബിസിയോട് പറഞ്ഞു. ലാബ് ചോർച്ചയെക്കുറിച്ച് ചൈന ഗവൺമെന്റ് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും അവർ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല. കോവിഡിന് കാരണമാകുന്ന വൈറസ് വവ്വാലുകളിൽ നിന്ന് വന്നതാണെന്ന് ഏതാണ്ട് ഉറപ്പാണ്. പക്ഷേ വവ്വാലുകളിൽ നിന്ന് ഇത് എങ്ങനെ മനുഷ്യരിലേക്ക് എത്തി എന്നത് പ്രസക്തമായ ചോദ്യമാണ്. തുടക്കം മുതൽ രണ്ട് പ്രധാന സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്ന്, വൈറസ് സ്വാഭാവികമായി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നത് മൃഗങ്ങളിലൂടെയാവാം. തെളിവുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഇത്തരത്തിൽ പടരാനാണ് സാധ്യതയെന്നാണ് അവർ പറഞ്ഞത്.
കോവിഡ് നിയന്ത്രണത്തിനും അതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമങ്ങൾക്കും ഒപ്പം നിന്ന ശാസ്ത്രഞ്ജനാണ് ഗാവോ. സിഡിസിയിൽ നിന്നും വിരമിച്ച ശേഷം നാഷണൽ നാച്ചുറൽ സയൻസ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ്.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് വൈറസ് ഉത്ഭവിക്കുന്നത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനാണ്. അതുകൊണ്ട് തന്നെ വൈറസ് ലബോറട്ടറിയിൽ നിന്നും ചോർന്നതാകാമെന്ന സംശയമാണ് പിന്നീട് ഉണ്ടായത്.
അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണൾഡ് ട്രംപ് ആണ് ഈ സംശയം മുന്നോട്ടുവച്ചത്. പിന്നീട് പല രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്വേഷണത്തോട് ചൈന സഹകരിക്കാതിരുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഇത് ശത്രുരാജ്യങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ച് ചൈന നിർമിച്ച വൈറസാണെന്നുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടി.
2021 മാർച്ചിൽ ലോകാരോഗ്യ സംഘടനയിലെ ഗവേഷകരുടെ ഒരു സംഘം വുഹാനിലെ ലാബിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ആ സന്ദർശനം ചൈനീസ് സർക്കാർ തടസ്സപ്പെടുത്തിയിരുന്നു. കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തെ തടസ്സപ്പെടുന്ന നിലപാടാണ് ചൈനയുടെതെന്നാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കൂടിയാണ് കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് ചോർന്നതാണെന്ന സാധ്യത തള്ളികളയാനാകില്ലെന്ന ഗാവോയുടെ വെളിപ്പെടുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.