ലോകത്തെ ആഴമേറിയ രണ്ടാമത്തെ കിണര്‍ നിര്‍മിക്കാന്‍ ആരംഭിച്ച് ചൈന; ആഴം 10,000 മീറ്റര്‍

ലോകത്തെ ആഴമേറിയ രണ്ടാമത്തെ കിണര്‍ നിര്‍മിക്കാന്‍ ആരംഭിച്ച് ചൈന; ആഴം 10,000 മീറ്റര്‍

ബീജിങ്: ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് പതിനായിരം മീറ്റര്‍ (10 കിലോമീറ്റര്‍) ആഴത്തില്‍ കുഴിയെടുക്കല്‍ ആരംഭിച്ച് ചൈനീസ് ഗവേഷകര്‍. എണ്ണക്കിണറുകളാല്‍ സമ്പന്നമായ സിന്‍ജിയാങ് പ്രവിശ്യയിലാണ് പര്യവേഷണം നടത്തുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ആരംഭിച്ച പര്യവേഷണം ചൈന ഇന്നേവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഭൂഗര്‍ഭ പര്യവേഷണമാണ്.

ഭൗമ ഗവേഷണത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഭൂവല്‍ക്കത്തില്‍ (Crust) നിന്ന് 10,000 മീറ്റര്‍ ആഴമുള്ള കുഴി നിര്‍മിക്കാനുള്ള ചൈനയുടെ തീരുമാനം. ഇതിന്റെ ഡ്രില്ലില്‍ പ്രവര്‍ത്തനം ചൊവ്വാഴ്ച ആരംഭിച്ചു. വര്‍ഷങ്ങളെടുക്കും പണിപൂര്‍ത്തിയാകാനെന്നാണ് കണക്കാക്കപ്പെടുന്നത്.

32,808 അടിയുള്ള ഇടുങ്ങിയ കിണറാണ് നിര്‍മിക്കുന്നത്. ഭൂവല്‍ക്കത്തിലെ 10 ശിലാപാളികള്‍ തുളച്ചുനീങ്ങുന്നതാണ് ഈ കിണര്‍. ധാതു സാന്നിധ്യം, ഊര്‍ജ സ്രോതസ് എന്നിവ കണ്ടെത്തുന്നതിനും ഭൂകമ്പം, അഗ്‌നിപര്‍വത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സാധ്യത മുന്‍കൂട്ടി മനസിലാക്കാനും ഇത്തരം പര്യവേഷണം സഹായിക്കും. ഇതാണ് ആഴക്കിണര്‍ നിര്‍മാണത്തിന് ചൈനയെ പ്രേരിപ്പിച്ചത്.

145 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട പാറകളാണ് ഭൂമിയുടെ അകക്കാമ്പിലുള്ളതെന്നാണ് നിഗമനം.

ഭൂമിയിലുള്ള ഏറ്റവും ആഴമേറിയ മനുഷ്യ നിര്‍മിത കിണര്‍ റഷ്യയിലാണ്. കോള സൂപ്പര്‍ ഡീപ്പ് കുഴല്‍കിണര്‍ എന്നറിയപ്പെടുന്ന ഇതിന്റെ ആഴം 12,262 മീറ്ററാണ് (40,230 അടി). 1989 ല്‍ തുടങ്ങിയ നിര്‍മാണം 20 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആഴത്തിന്റെ കാര്യത്തില്‍ ഇതിന് തൊട്ടുപിന്നില്‍ വരും ചൈനയുടെ കുഴല്‍ കിണര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.