ചിക്കാഗോ: അമേരിക്കയിൽ ജനിച്ച മറ്റൊരു മലയാളി കൂടി വൈദികനാകുന്നു. ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ ജോർജ് പാറയിലിന്റെ പൗരോഹിത്യ സ്വീകരണം ജൂൺ മൂന്നിന് നടക്കും. ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൽ നിന്നാണ് ഡീക്കൻ പൗരോഹിത്യം സ്വീകരിക്കുക. തിരുപ്പട്ട ശുശ്രൂഷയ്ക്കു ശേഷം നവ വൈദികൻ തന്റെ പ്രഥമ ദിവ്യബലി അർപ്പിക്കും.
ഏറെ നാളത്തെ പഠനത്തിനും പരിശീലനത്തിനും പ്രാർത്ഥനക്കും ശേഷമാണ് ഡീക്കൻ ജോർജ് പാറയിൽ പൗരോഹിത്യം സ്വീകരിക്കുന്നത്. ഡീക്കന്റെ പൗരോഹിത്യ സ്വീകരണം പ്രാർത്ഥനയിലൂടെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസ സമൂഹം.
ജോർജ് ചെറുപ്പം തൊട്ടു തന്നെ വേദപഠനത്തിലും പള്ളികാര്യങ്ങളിലും ഉത്സാഹവാനായിരുന്നു. 2014 ലിൽ ലഭിച്ച മാർ കുര്യാളശ്ശേരിൽ അവാർഡ് ആ കഴിവിനുള്ള അംഗീകാരമായിരുന്നു. ചിക്കാഗോ സെന്റ് ജോസഫ്‌സ് സെമിനാരിയിൽ പഠനം തുടങ്ങിയ ബ്രദർ ജോർജ് പാറയിൽ ലയോള യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഫിലോസഫിയിൽ ബിരുദം നേടിയത്. മാൻഡലൈൻ സെമിനാരിയിൽ തുടർപഠനം നടത്തിയ അദ്ദേഹം സെന്റ് അൽഫോൻസ ചർച്ച് (കോപ്പൽ), ഔവർ ലേഡി ഓഫ് ഹെൽത്ത് സീറോമലബാർ ചർച്ച് (മയാമി), മംഗലപ്പുഴ സെമിനാരി (ആലുവ), ശംസാബാദ് രൂപത, സീറോ മലബാർ ക്യൂറിയ ഓഫിസ്, സീറോ മലബാർ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് കാക്കനാട് എന്നിവിടങ്ങളിൽ റീജൻസി പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ പഠനത്തിന്റെ ഭാഗമായി മൂന്നു മാസത്തോളം വിശുദ്ധ നാടുകളിലും അദ്ദേഹം ചെലവഴിക്കുകയുണ്ടായി.
ചിക്കാഗോ കത്തീഡ്രൽ ഇടവകാംഗങ്ങളായ സക്കറിയയുടേയും ബെറ്റി പാറയിലിന്റേയും മകനായി ഷിക്കാഗോയിലാണ് ബ്രദർ ജോർജ്ജ് പാറയിൽ ജനിച്ചത്. ചിക്കാഗോ സെന്റ് തോമസ് കത്തിഡ്രൽ ഇടവകയിൽ നിന്നും ഡീക്കൻ പട്ടം നേടുന്ന ആദ്യ വൈദിക വിദ്യാർഥിയാണ് അദ്ദേഹം. ജോസഫ്, ജോന എന്നിവർ സഹോദരങ്ങളാണ്.
2018ൽ ഫാ. കെവിൻ മുണ്ടക്കലും ഫാ. രാജീവ് ഫിലിപ്പും ചിക്കാഗോ രൂപതക്കു വേണ്ടി വൈദികരായി. ഇരുവരും അമേരിക്കയിൽ ജനിച്ച മലയാളികളാണ്. അമേരിക്കയിൽ കുടിയേറിയ ചങ്ങനാശേരി സ്വദേശികളായ മുണ്ടക്കൽ ടോം, വത്സ ദമ്പതികളുടെ മകനാണ് ഫാ. കെവിൻ മുണ്ടക്കൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v