വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമായ സിനിമ തീയറ്ററുകളില്‍; ചിത്രീകരണത്തിനിടെ നായകന്‍ കത്തോലിക്ക വിശ്വാസിയായി

 വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമായ സിനിമ തീയറ്ററുകളില്‍; ചിത്രീകരണത്തിനിടെ നായകന്‍ കത്തോലിക്ക വിശ്വാസിയായി

കാലിഫോര്‍ണിയ: വിശുദ്ധ കുര്‍ബാനയോട് അളവറ്റ ഭക്തിയുണ്ടായിരുന്ന കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിയായ വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രം ജൂണ്‍ രണ്ടിന് തീയറ്ററുകളിലെത്തി. ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് പാദ്രേ പിയോയെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആബെല്‍ ഫെരെരയാണ്. ചലച്ചിത്ര വിതരണ കമ്പനിയായ ഗ്രാവിറ്റാസ് വെഞ്ചേഴ്സാണ് അമേരിക്കയിലെ തീയറ്ററുകളില്‍ ചിത്രം എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂ ടൂബില്‍ റിലീസ് ചെയ്ത ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നീണ്ട കൈയടിയും ലഭിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണ വേളയില്‍ ഷിയ ലാബ്യൂഫ് യഹൂദ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. വേര്‍ഡ് ഓണ്‍ ഫയര്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ ബിഷപ്പ് റോബര്‍ട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നേരിട്ടിട്ടുള്ള ഹോളിവുഡ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി 'പാദ്രേ പിയോ' ചിത്രം മാറിയിരുന്നു. വിശുദ്ധ പാദ്രേയുടെ ജീവിതം അടുത്തറിയാന്‍ ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സന്യാസിമാരുടെ ആശ്രമത്തില്‍ താമസിച്ച കാലയളവാണ് ക്രിസ്തുവിനെ കുറിച്ചും കത്തോലിക്കാ വിശ്വാസത്തെ കുറിച്ചും പഠിക്കാന്‍ തനിക്ക് അവസരമൊരുക്കിയതെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു.

വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഷിയാ ലാബ്യൂഫ് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്. ലോക മഹായുദ്ധ കാലത്തെ വിശുദ്ധന്റെ ജീവിതവും, പഞ്ചക്ഷതം ലഭിച്ച സമയത്ത് നേരിട്ട പ്രതിസന്ധികളും ട്രെയിലറില്‍ നല്‍കിയിട്ടുണ്ട്. വിശുദ്ധന്റെ ജന്മദേശമായ ഇറ്റലിയിലെ പുഗ്ലിയയിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.



ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതധാരിയായ പാദ്രെ പിയോ. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു.

1887 മേയ് 25ന് ജനിച്ച പാദ്രേ പിയോ 15-ാം വയസിലാണ് ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ ചേര്‍ന്നത്. ഫ്രാന്‍സിസ്‌കോ എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. 1910-ല്‍ 22-ാം വയസിലായിരുന്നു പൗരോഹിത്യ സ്വീകരണം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക വിശുദ്ധരില്‍ ഒരാളായ പാദ്രേ പിയോയ്ക്ക് നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. ദൈവീകമായ ആ സമ്മാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായതും.

പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ പുരോഹിതനാണ് അദ്ദേഹം. ഭക്തിയും പ്രാര്‍ത്ഥനയുംകൊണ്ട് ജീവിതം സമ്പന്നമാക്കിയ പിയോ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമാധാ നത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.

1968 സെപ്റ്റംബര്‍ 23ന് നിത്യസമ്മാനിതനായ അദ്ദേഹത്തെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും (1999) വിശുദ്ധ പദവിയിലേക്കും (2002) ഉയര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.