ഏഴാം എഫ്എ കപ്പ് കിരീട നേട്ടവുമായി മാഞ്ചെസ്റ്റര്‍ സിറ്റി; തോൽപ്പിച്ചത് ചിരവൈരികളായ യുണൈറ്റഡിനെ

ഏഴാം എഫ്എ കപ്പ് കിരീട നേട്ടവുമായി മാഞ്ചെസ്റ്റര്‍ സിറ്റി; തോൽപ്പിച്ചത് ചിരവൈരികളായ യുണൈറ്റഡിനെ

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടത്തിന് പിന്നാലെ 2022-23 എഫ്എ കപ്പും സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് എഫ്എ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ സിറ്റി കിരീടമുയര്‍ത്തിയത്. സിറ്റിയുടെ ഏഴാം എഫ്എ കപ്പ് കിരീട നേട്ടമാണിത്. 

സിറ്റിയ്ക്ക് വേണ്ടി നായകന്‍ ഇല്‍കൈ ഗുണ്ടോഗന്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ യുണൈറ്റഡിനായി നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ആശ്വാസ ഗോള്‍ നേടി.

ഈ സീസണില്‍ സിറ്റി നേടുന്ന രണ്ടാം കിരീടമാണിത്. 2022-2023 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സിറ്റി സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ കീഴടക്കിയാല്‍ പെപ്പ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും ഹാട്രിക്ക് കിരീടം നേടാം.

മത്സരം തുടങ്ങി 13-ാം സെക്കന്‍ഡില്‍ തന്നെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് സിറ്റിയ്ക്കായി ഗുണ്ടോഗന്‍ വലകുലുക്കി. ഗുണ്ടോഗന്റെ ലോങ് റേഞ്ചര്‍ നോക്കി നില്‍ക്കാന്‍ മാത്രമേ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയ്ക്ക് സാധിച്ചുള്ളൂ. ഇതോടെ എഫ്എ കപ്പ് ഫൈനലിലെ അതിവേഗ ഗോള്‍ എന്ന റെക്കോഡ് ഗുണ്ടോഗന്‍ സ്വന്തമാക്കി.

എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് സമനില സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും ടീമിനായി ഗോളടിച്ചു. തന്റെ നേരെ വന്ന കോർന്നർ ക്വിക്ക് ഗുണ്ടോഗ് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വലയിലേക്ക് തിരിച്ചു വിട്ടു. ഇതോടെ സിറ്റി ആരാധകര്‍ ആവേശത്തിലാറാടി. പിന്നാലെ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ട് യുണൈറ്റഡ് സമനിലയ്ക്ക് വേണ്ടി പോരാടി.

മികച്ച അവസരങ്ങള്‍ ഏറെ സൃഷ്ടിച്ചെങ്കിലും യുണൈറ്റഡിന് ഗോളടിക്കാനായില്ല. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അടക്കമുള്ള മുന്നേറ്റനിര തീര്‍ത്തും നിറംമങ്ങിയതും ടീമിന് തിരിച്ചടിയായി. ആന്റണിയുടെയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്സിന്റെയും അഭാവം യുണൈറ്റഡ് നിരയില്‍ പ്രകടമായിരുന്നു. 

പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത റാഫേല്‍ വരാനെയും ലൂക്ക് ഷോയുമാണ് സിറ്റിയുടെ പല ആക്രമണങ്ങളില്‍ നിന്നും യുണൈറ്റഡിനെ രക്ഷിച്ചത്. ഈ സീസണില്‍ യുണൈറ്റഡ് കളിച്ച രണ്ടാം ഫൈനലാണിത്. കാറബാവോ കപ്പ് ഫൈനലില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി യുണൈറ്റഡ് കിരീടം നേടി. എന്നാല്‍ ടെന്‍ ഹാഗിന് കീഴില്‍ രണ്ടാം ഫൈനലില്‍ വിജയം നേടാന്‍ യുണൈറ്റഡിനായില്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.