മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ മൂന്ന് അംഗ കമ്മീഷന്‍; റിപ്പോര്‍ട്ട് ആറ് മാസത്തിനകം

മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ മൂന്ന് അംഗ കമ്മീഷന്‍; റിപ്പോര്‍ട്ട് ആറ് മാസത്തിനകം

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

ജസ്റ്റിസ് അജയ് ലാംബ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ അലോക പ്രഭാകര്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് അന്വേഷണ ചുമതല.

ഒരു മാസമായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 98 പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ മരണവും നാശനഷ്ടവും സര്‍ക്കാര്‍ കണക്കിനെക്കാള്‍ കൂടുതലാണെന്ന് മണിപ്പൂരിലെ സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, മെയ് മൂന്നിനും അതിനു ശേഷവും മണിപ്പൂരില്‍ വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെയും കലാപങ്ങളുടെയും കാരണങ്ങളും വ്യാപനവും കമ്മീഷന്‍ അന്വേഷിക്കും.

ആറ് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മിഷന്‍ രൂപീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.