സൊമാലിയയിലെ അൽ ഷബാബ് ഭീകരാക്രമണം; 54 ഉഗാണ്ടൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സൊമാലിയയിലെ അൽ ഷബാബ് ഭീകരാക്രമണം; 54 ഉഗാണ്ടൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മൊഗാദിഷു: സൊമാലിയയിൽ കഴിഞ്ഞ ആഴ്ച നടന്ന അൽ ഷബാബ് ഭീകരാക്രമണത്തെ തുടർന്ന് കാണാതായ കമാൻഡർ ഉൾപ്പെടെ 54 ഉഗാണ്ടൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസേവാനിയാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കൻ യൂണിയൻ സമാധാന സേനയുടെ ബേസ് ക്യാംപിന് നേർക്ക് അൽ ഷബാബ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു.

മെയ് 26 നുണ്ടായ ആക്രമണത്തിൽ 137 സൈനികരെ വധിച്ചതായി അൽ ഷബാബ് അവകാശപ്പെട്ടിരുന്നു. ചാവേർ ആക്രമണമാണ് നടത്തിയതെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏറ്റുമുട്ടലും ഉണ്ടായതായി പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു.

സൊമാലി തലസ്ഥാനമായ മൊഗാദിഷുവിന്റെ തെക്ക് പടിഞ്ഞാറ് മാറി 130 കിലോമീറ്റർ അകലെ ബുലാമറേറിലെ സൈനിക താവളത്തിൽ കഴിഞ്ഞ ആഴ്ചയാണ് ആക്രമണം നടത്തിയത്. ക്യാംപിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റുകയായിരുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുളള സൊമാലിയൻ സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായി പോരടിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ ഷബാബ്. 2006 മുതലാണ് അൽ ഷബാബ് മേഖലയിൽ പോരാട്ടം ശക്തമാക്കിയത്. വരും വർഷം രാജ്യത്തിന്റെ ക്രമസമാധാനപാലന ചുമതല സാമാലിയൻ സൈന്യത്തിന് കൈമാറാനുളള നീക്കങ്ങൾ പുരോഗമിക്കവേയാണ് അൽ ഷബാബ് ആക്രമണം കടുപ്പിച്ചത്.

ആക്രമണത്തിന് ശേഷം തന്ത്രപരമായി ഉൾവലിഞ്ഞ ഉഗാണ്ടൻ സൈനികർ പിന്നീട് തിരിച്ചടിച്ചെന്നും ഭീകരരുടെ പിടിയിൽ നിന്ന് ക്യാംപ് വീണ്ടെടുത്തതായും യൊവേരി മുസേവാനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.