ബ്രിജ് ഭൂഷണെ രണ്ട് തവണ ചോദ്യം ചെയ്തു; ആരോപണങ്ങള്‍ സിങ് നിഷേധിച്ചു: ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍

ബ്രിജ് ഭൂഷണെ രണ്ട് തവണ ചോദ്യം ചെയ്തു; ആരോപണങ്ങള്‍ സിങ് നിഷേധിച്ചു: ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: ഗുസ്്തി താരങ്ങളുടെ സമരത്തിന് വീര്യവും പിന്തുണയും കൂടിവരുന്ന സാഹചര്യത്തില്‍ വീട്ടുവീഴ്ച്ചയ്ക്ക് തയാറായി കേന്ദ്ര സര്‍ക്കാര്‍. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നറിയിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി.

പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ബ്രിജ് ഭൂഷണെ രണ്ടു തവണ ചോദ്യം ചെയ്‌തെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇരുന്നൂറോളം വ്യക്തികളെ ചോദ്യം ചെയ്തതായും വാര്‍ത്തയില്‍ പറയുന്നു.

ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ബ്രിജ് ഭൂഷണെതിരെ ഏഴ് വനിതാ താരങ്ങളുടെ പരാതിയില്‍ പൊലീസ് ഏപ്രില്‍ 29ന് രണ്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സുപ്രീം കോടതി നോട്ടിസ് അയച്ചതിന് പിന്നാലെയായിരുന്നു ഡല്‍ഹി പൊലീസിന്റെ നടപടി.

ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന ബ്രിജ് ഭൂഷണെ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തനിക്കൊപ്പം ഗുസ്തി താരങ്ങള്‍ നുണ പരിശോധനയ്ക്കു തയാറുണ്ടോ എന്നാണു ബ്രിജ് ഭൂഷണ്‍ ചോദിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയില്‍ ഡല്‍ഹി പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സമരത്തില്‍നിന്നു പിന്‍മാറിയിട്ടില്ലെന്നും ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരുമെന്നും താരങ്ങള്‍ പ്രതികരിച്ചു.

ഇതിനിടെയാണ് ഗുസ്തിതാരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുസ്തി താരങ്ങളും തമ്മില്‍ ശനിയാഴ്ച ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കൂറിന്റെ ക്ഷണം. ട്വിറ്ററിലൂടെയാണ് അനുരാഗ് താക്കൂര്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. വിഷയങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.