ബ്രിജ് ഭൂഷണെതിരായ കേസുകളില്‍ 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി

ബ്രിജ് ഭൂഷണെതിരായ കേസുകളില്‍ 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം നടത്തി ഈ മാസം 15 നകം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി താരങ്ങള്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തി. താരങ്ങള്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കും. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ചര്‍ച്ചയില്‍ അഞ്ച് പ്രധാന ആവശ്യങ്ങള്‍ താരങ്ങള്‍ മുന്നോട്ടു വെച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ കുടുംബക്കാരെ മത്സരിപ്പിക്കരുത്, പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചു.

നേരത്തെ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം മേരി കോം അധ്യക്ഷയായ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെയാണ് ബ്രിജ് ഭൂണിനെതിരെ പ്രതിഷേധവുമായി ജന്തര്‍ മന്ദറിലെത്തിയത്.

മെയ് 28 ന് പുതിയ പാലര്‍മെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ താരങ്ങളെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ചത് അന്താരരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടനാ നേതാക്കള്‍ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.