ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏകാധിപതികളുടെ കൈയിലെത്തിയാല്‍ ആപത്ത്: ചാറ്റ് ജിപിടി സൃഷ്ടാവ് സാം ഓള്‍ട്ട്മാന്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏകാധിപതികളുടെ കൈയിലെത്തിയാല്‍ ആപത്ത്: ചാറ്റ് ജിപിടി സൃഷ്ടാവ് സാം ഓള്‍ട്ട്മാന്‍

ന്യൂഡല്‍ഹി: എ.ഐ (നിര്‍മിത ബുദ്ധി) സാങ്കേതിക വിദ്യ ഏകാധിപതികളുടെ കൈകളിലെത്തിയാല്‍ അപകടമാണെന്നും അതു വഴി അവര്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കാലം വിദൂരമല്ലെന്നും ചാറ്റ് ജിപിറ്റിയുടെ സൃഷ്ടാവ് സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം. ലോകമാകെ വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജിപിടി വികസിപ്പിച്ച ഓപ്പണ്‍ എഐ എന്ന കമ്പനിയുടെ തലവനാണ് സാം ഓള്‍ട്ട്മാന്‍.

ഏകാധിപതികള്‍ അവരുടെ ആവശ്യത്തിനായി എഐ ഉപയോഗിച്ചേക്കാം. അതില്‍ ആശങ്കയുണ്ട്. അത് നിയന്ത്രിക്കാന്‍ സംവിധാനമുണ്ടാകണമെന്നും സാം പറഞ്ഞു. ആണവോര്‍ജം പോലെയാണ് എഐ. നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. ആണവോര്‍ജ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനം പോലെ ഈ കാര്യത്തിലും ഒരു നിയന്ത്രണ സംവിധാനം വേണമെന്ന് അദ്ദേഹം പറഞ്ഞു.

എഐ വഴി സൃഷ്ടിക്കുന്ന കൃത്രിമമായ ചിത്രങ്ങളും വിഡിയോകളും തിരഞ്ഞെടുപ്പുകളെയും മറ്റും ബാധിക്കുമെന്ന ആശങ്ക ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചാറ്റ് ജിപിടി വികസിപ്പിച്ച ശേഷം മനുഷ്യ മനസിനെക്കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാം പറഞ്ഞത് 'ബുദ്ധിയെന്നത് മനുഷ്യനുള്ള വളരെ പ്രത്യേകവും മാന്ത്രികവുമായ കാര്യമാണെന്നാണു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു അതു വെറും അടിസ്ഥാന കാര്യം മാത്രമാണെന്ന്'.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സാം ഓള്‍ട്ട്മാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ, ദക്ഷിണ കൊറിയ എന്നീ ആറ് രാഷ്ട്ര പര്യടനത്തിലാണ് സാം.

2035 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 957 ബില്യണ്‍ യുഎസ് ഡോളര്‍ അധികമായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഓപ്പണ്‍എഐ മേധാവിയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

അതേസമയം, പ്രതിമാസം ഒരു ബില്യണ്‍ (100 കോടി) സന്ദര്‍ശകരുള്ള വെബ്‌സൈറ്റ് എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ചാറ്റ്ജിപിടി. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്സൈറ്റായും അത് മാറി. വെബ് ട്രാഫികിന്റെ കാര്യത്തില്‍ ഓപണ്‍എഐയുടെ സൈറ്റ് ഒരു മാസത്തിനുള്ളില്‍ 54.21 ശതമാനമാണ് വളര്‍ച്ച നേടിയതെന്ന് യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (Veza Digital) റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.