കറാച്ചി: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചു. കോടതി ഇന്നലെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
തൊട്ടു പിന്നാലെ ഇമ്രാൻ ഖാൻ ആണ് വധത്തിന് പിന്നിലെന്ന് ആരോപിച്ച് അഭിഭാഷകന്റെ മകൻ പൊലീസിൽ പരാതി നൽകി. ബലൂചിസ്ഥാൻ ഹൈക്കോടതിയിൽ കേസ് നൽകിയ അബ്ദുൽ റസാഖ് ഷെർ ആണ് കൊല്ലപ്പെട്ടത്. 3 ബൈക്കുകളിലെത്തിയ 6 പേർ ക്വറ്റ എയർപോർട്ട് റോഡിൽ വച്ച് അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു.
ശരീരത്തിൽ നിന്ന് 16 വെടിയുണ്ടകൾ കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് ബലൂചിസ്ഥാനിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദുൽ റസാഖ് കോടതിയെ സമീപിച്ചിരുന്നതായി ക്വറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് അബിദ് കാകർ വ്യക്തമാക്കി. അബ്ദുൽ റസാഖിന്റെ കൊലപാതകവും കേസുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് അതുല്ല തരാർ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v