മെക്‌സിക്കോയില്‍ ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ ഒറ്റപ്പെട്ട പിഞ്ചു കുട്ടികള്‍ക്ക് രക്ഷകനായി കത്തോലിക്കാ വൈദികന്‍

മെക്‌സിക്കോയില്‍ ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ ഒറ്റപ്പെട്ട പിഞ്ചു കുട്ടികള്‍ക്ക് രക്ഷകനായി കത്തോലിക്കാ വൈദികന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടുപോയ മൂന്ന് കുട്ടികള്‍ക്ക് രക്ഷകനായി കത്തോലിക്കാ വൈദികന്‍. തരാഹുമാര രൂപതയിലെ ചെറു പട്ടണമായ സാന്താ അനിറ്റയിലെ ദേവാലയത്തില്‍ എതിരാളികളായ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒറ്റപ്പെട്ട ഒന്നും ഒന്‍പതും പതിനൊന്നും വയസുള്ള മൂന്നു കുട്ടികളെയാണ് ഫാ. എന്റിക് ഉര്‍സുവ രക്ഷിച്ചത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അക്രമികള്‍ ദേവാലയത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

ഗ്വാഡലൂപ്പാ ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ് കത്തീഡ്രലിലെ പാസ്റ്ററാണ് ഫാ. എന്റിക് ഉര്‍സുവ. കഴിഞ്ഞ ദിവസം സാന്താ അനിറ്റയിലെ ദേവാലയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇതേ സമയത്താണ് മാഫിയകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അതിനിടെയാണ് വൈദികന്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കണ്ടെത്തിയത്. വിശന്നു തളര്‍ന്ന നിലയില്‍ കണ്ടെത്തിയ കുട്ടികളെ വൈദികന്‍ തന്റെ വാസസ്ഥലത്തേക്ക് കൊണ്ടുവരികയും അവര്‍ക്ക് ആവശ്യമായ ആഹാരവും മറ്റും നല്‍കുകയുമായിരുന്നു. കുട്ടികളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുകയും ചെയ്തു.

ആക്രമണങ്ങള്‍ ഒതുങ്ങിയ ശേഷം ദേവാലയത്തിലെത്തിയ വൈദികന്‍ കണ്ട കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു. അക്രമികള്‍ ദേവാലയം മുഴുവന്‍ അടിച്ചുതകര്‍ത്തിരുന്നു. ദേവാലയത്തിന്റെ ഭിത്തിയില്‍ എഴുന്നൂറിലേറെ ബുള്ളറ്റുകള്‍ പതിഞ്ഞ പാടുകളും ഉണ്ടായിരുന്നു. 'അവര്‍ ദേവാലയവും മിഷനറിമാര്‍ക്കായി നിര്‍മ്മിച്ചിരുന്ന മുറിയും അഗ്‌നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു' - ഫാ. ഉര്‍സുവ വെളിപ്പെടുത്തി.

'ഒരു സായുധ സംഘത്തിന് സഭക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, ഇതാണ് വസ്തുത. ഇതാണ് ഞങ്ങള്‍ നേരിടുന്ന സങ്കടകരമായ അനുഭവങ്ങള്‍. ഇത് കടന്നു പോകുന്ന ഒന്നല്ല; ശാശ്വതമായ ഒന്നാണ്' - അദ്ദേഹം ദുഃഖം പങ്കുവച്ചു.


ആക്രമണത്തില്‍ തകര്‍ന്ന മാതാവിന്റെ ചിത്രം

മെക്‌സിക്കോ അതിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വര്‍ഷം മെയ് അവസാനത്തോടെ ആകെ 1,56,136-ലധികം ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളും കലാപങ്ങളും നടക്കുമ്പോള്‍ അനാഥമാക്കപ്പെടുന്ന ഒരുപാട് ജീവിതങ്ങള്‍ ഇവിടെ ഉണ്ടെന്നും ഫാ. ഉര്‍സുവ വെളിപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.