കാസര്‍കോട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞ മാസവും വ്യാജരേഖ നല്‍കിയതായി കണ്ടെത്തി. എന്നാല്‍ അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല. സംഭവത്തില്‍ നീലേശ്വരം പൊലീസ് കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എത്തി തെളിവെടുപ്പ് നടത്തി. 
നീലേശ്വരം എസ് ഐ വിശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിലെത്തി തെളിവെടുപ്പ് നടത്തിയത്. വിദ്യ കോളജില്‍ ഹാജരാക്കിയ രേഖകള്‍ പൊലീസ് പരിശോധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള അധ്യപകരുടെ മൊഴിയും രേഖപ്പെടുത്തി. 
ഒരു വര്‍ഷം കരിന്തളം കോളജില്‍ വ്യജരേഖയുടെ പിന്‍ബലത്തില്‍ വിദ്യ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. മലയാളം വിഭാഗത്തിലായിരുന്നു സേവനം. ഈ വര്‍ഷം മെയില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഗസ്റ്റ് ലക്ചര്‍ അഭിമുഖത്തിനായി എത്തിയപ്പോഴാണ് മഹാരാജാസില്‍ ജോലി ചെയ്തിന്റെ വ്യാജ സര്‍ട്ടഫിക്കറ്റ് വീണ്ടും സമര്‍പ്പിച്ചത്.  
കരിന്തളം ഗവ. കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവില്‍ ഇവര്‍ സര്‍വകലാശാല മൂല്യ നിര്‍ണയ ക്യാംപുകളിലും പങ്കെടുത്തതായി വിവരമുണ്ട്. ഈ മാസം രണ്ടിന് പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യജരേഖ പുറത്തായത്. 
ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പെട്ടതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു. പാലക്കാട് പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പിലും വിദ്യ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു.ഇതോടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവും, സംഘര്‍ഷവുമുണ്ടായത്.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കാലടി സര്‍വകലാശാലയുടെ വിജ്ഞാപനത്തില്‍ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേര്‍ക്ക് പ്രവേശനം നല്‍കിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.