പാകിസ്ഥാനില്‍ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതിയുടെ ക്രൂരത

പാകിസ്ഥാനില്‍ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതിയുടെ ക്രൂരത

ഇസ്ലാമാബാദ്: പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ നീതി നിഷേധിച്ച് കോടതിയും. പെണ്‍കുട്ടിയുടെ വീട്ടുകാരോടൊപ്പം കുട്ടിയെ അയക്കുന്നതിന് കോടതി വിസമ്മതിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

സോഹാന ശര്‍മ്മ എന്ന ഹിന്ദു പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്. തുടര്‍ന്ന് മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അവളെ ലാര്‍കാനയിലുള്ള ജില്ലാ കോടതിയില്‍ ഹാജരാക്കി. വീട്ടുകാരുടെ അടുത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വനിതാ അഭിയ കേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

സിന്ധ് പ്രവിശ്യയിലെ ബേനസിറാബാദ് ജില്ലയിലായിരുന്നു സോഹാന ശര്‍മ്മയും കുടുംബവും താമസിച്ചിരുന്നത്. ജൂണ്‍ രണ്ടിന് സോഹാനയെ അവളുടെ അധ്യാപകനും സഹായികളും ചേര്‍ന്ന് അമ്മയുടെ കണ്‍മുന്നില്‍ വച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ സോഹാനയുടെ പിതാവ് ദിലീപ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. വിവാഹിതയായെന്നും നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും പറയുന്ന സോഹാനയുടെ വീഡിയോ ഇതിനിടെ വീട്ടുകാര്‍ക്ക് ലഭിച്ചു. ഇതോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും പോലീസ് നടപടിയുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ സോഹാനയെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

നിര്‍ബന്ധത്തിനു വഴങ്ങിയാണ് മതം മാറ്റിയതെന്നും വിവാഹം കഴിച്ചതെന്നും കോടതിയില്‍ വ്യക്തമാക്കിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേസ് ജൂണ്‍ 12-ന് പരിഗണിക്കാമെന്ന് അറിയിച്ച കോടതി പെണ്‍കുട്ടിയെ വനിതാ അഭയ കേന്ദ്രത്തിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. സമാനമായ കേസുകളില്‍ മുമ്പും പെണ്‍കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിടാന്‍ കോടതി വിസമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് പിതാവ് ദിലീപ് കുമാറിന്റെ കൈ പിടിച്ച് സോഹാന കരയുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

സോഹാന നേരിട്ട അതിക്രമത്തെക്കുറിച്ച് പാകിസ്താനിലെ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധിയായ ലാല്‍ ചന്ദ് ഉക്രാനി സിന്ധ് നിയമസഭയില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിനും ഒരു മതത്തിനും അധികാരമില്ല. എല്ലാ മതത്തെയും ബഹുമാനിക്കുന്നു. പക്ഷെ, നിര്‍ബന്ധിച്ച് ഒരാളുടെ മതത്തെ മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

2022ലെ കണക്ക് പ്രകാരം ഇതര മതങ്ങളിലെ 124 പെണ്‍കുട്ടികളെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്. ഇതില്‍ 81 പെണ്‍കുട്ടികള്‍ ഹിന്ദുക്കളും 42 പേര്‍ ക്രിസ്ത്യാനികളും ഒരു പെണ്‍കുട്ടി സിഖ് മത വിശ്വാസിയുമായിരുന്നു. ഇതില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സിന്ധ് പ്രവിശ്യയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.