ഐപിഎൽ 2020 : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം സമ്മാനിച്ച ഗിൽ മോർഗൻ കൂട്ടുകെട്ട്

ഐപിഎൽ 2020 : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം സമ്മാനിച്ച ഗിൽ മോർഗൻ കൂട്ടുകെട്ട്

ദുബായ്: ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് കീഴടക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മറികടക്കുകയായിരുന്നു കെകെആര്‍. സ്‌കോര്‍ പിന്തുടര്‍ന്ന കെകെആറിന് ഒരു ഘട്ടത്തില്‍ പരാജയഭീതിയുണ്ടായിരുന്നു. ആറോവറില്‍ മൂന്നിന് 53 എന്ന നിലയിലേക്ക് വീണിരുന്നു കെകെആര്‍. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍ സഖ്യമാണ് കളിമാറ്റി മറിച്ചത്. ഇവര്‍ പിരിയാത്ത നാലാം വിക്കറ്റില്‍ 92 റണ്‍സ് ചേര്‍ത്ത് ടീമിന്റെ വിജയമുറപ്പിച്ചു.

ശുഭ്മാന്‍ ഗില്‍ വളരെ സൂക്ഷിച്ച് മാത്രമാണ് കളിച്ചത്. 62 പന്തില്‍ 70 റണ്‍സായിരുന്നു താരം നേടിയത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. അനാവശ്യ ഷോട്ടുകള്‍ക്ക് പോവാതെ കൃത്യമായി ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. അതേസമയം ഓയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 42 റണ്‍സടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മൂന്ന് ഫോറും രണ്ട് സിക്‌സറും താരം പറത്തി. നല്ല രീതിയില്‍ തന്നെ ഹൈദരാബാദ് പന്തെറിഞ്ഞിരുന്നെങ്കിലും വലിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇല്ലാത്തത് അവര്‍ക്ക് തിരിച്ചടിയായി.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ്‌ ബാറ്റിംഗ്‌ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മോശം തുടക്കമാണ് ടീമിന് ലഭിച്ചത്. അഞ്ച് റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ പാറ്റ് കമ്മിന്‍സ് മടക്കി. കഴിഞ്ഞ കളിയില്‍ നല്ല റണ്‍സ് വഴങ്ങിയ കമ്മിന്‍സ് ഗംഭീര പ്രകടനമാണ് ഹൈദരാബാദിനെതിരെ നടത്തിയ ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. പതിനഞ്ചര കോടിക്ക് വാങ്ങിയ താരം തന്റെ മൂല്യം തെളിയിക്കുകയും ചെയ്തു. വെറും 19 റണ്‍സാണ് കമ്മിന്‍സ് നാലോവറില്‍ വാങ്ങിയത്.

ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് നല്ല രീതിയിലാണ് ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. വാര്‍ണര്‍ 30 പന്തില്‍ 36 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ ടീമിന്റെ ടോപ് സ്‌കോറര്‍ ആയെങ്കിലും വലിയ രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 38 പന്തില്‍ 51 റണ്‍സാണ് പാണ്ഡെ കുറിച്ചത്. മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു. വൃദ്ധിമാന്‍ സാഹ 31 പന്തില്‍ 30 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വിചാരിച്ച പോലെ റണ്‍സ് വരാതിരുന്നത് ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണമായി മാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.