ജറുസലേമില്‍ ക്രൈസ്തവര്‍ക്കു നേരെ ജൂത വിശ്വാസികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ക്ഷമാപണം നടത്തി യഹൂദ റബ്ബി ശ്ലോമോ അമര്‍

ജറുസലേമില്‍ ക്രൈസ്തവര്‍ക്കു നേരെ ജൂത വിശ്വാസികള്‍ നടത്തുന്ന  അതിക്രമങ്ങളില്‍ ക്ഷമാപണം നടത്തി യഹൂദ റബ്ബി ശ്ലോമോ അമര്‍

ജറുസലേം: ക്രൈസ്തവ പുരോഹിതരുടെ നേരെ ജൂത വിശ്വാസികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതികരണവുമായി ജറുസലേമിലെ സെഫാര്‍ഡിക് ജൂതന്മാരുടെ ആത്മീയ നേതാവായ റബ്ബി ശ്ലോമോ അമര്‍. പുരാതന നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിലാപ മതിലിനു സമീപം ജൂതന്മാര്‍ നടത്തിയ അതിക്രമങ്ങളില്‍ ഇതര ക്രൈസ്തവ സഭകളോട് ക്ഷമ ചോദിച്ചാണ് മുഖ്യ റബ്ബി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നടന്ന പ്രാര്‍ത്ഥനാ പരിപാടിക്കിടെയാണ് ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ലോകമെമ്പാടുമുള്ള വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ, തീവ്ര വിശ്വാസികളായ യഹൂദന്മാരായിട്ടുള്ള ചിലര്‍ ശാപ വാക്കുകള്‍ ഉരുവിട്ടും തുപ്പുകയും ചെയ്ത് പുരോഹിതരെ  അവഹേളിക്കുകയായിരുന്നു.

'മിഷനറിമാര്‍ വീട്ടിലേക്കു പോകൂ!' എന്നു പറഞ്ഞാണ് നൂറുകണക്കിന് ജൂതന്മാരുടെ സംഘം സംഘര്‍ഷമുണ്ടാക്കിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. 

ഇസ്രായേലില്‍ മിഷനറി എന്നത് ഒരു നിഷേധാത്മക പദമായാണ് പല ജൂതരും കരുതുന്നത്. യഹൂദന്മാരെ യഹൂദമതം ഉപേക്ഷിക്കാന്‍ മിഷനറിമാര്‍ ശ്രമിക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. 'ക്രിസ്ത്യന്‍ മിഷനറി സംഘടനകള്‍ പടിഞ്ഞാറന്‍ മതില്‍ കടന്ന് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു' എന്നാണ് പ്രതിഷേധക്കാരില്‍ ചിലര്‍ അന്നു പറഞ്ഞത്. എന്നാണ് ഈ പ്രതിഷേധത്തെ അവരുടെ മത നേതാവ് തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

'ജറുസലേം മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നഗരമാണ്. പഴയ നഗരത്തില്‍ ക്രിസ്ത്യാനികളുടെ നേരേ ആക്രമണം നടന്നതായി തനിക്ക് പരാതി ലഭിച്ചു. ഇത് യഹൂദ നിയമത്തിന് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ജറുസലേമിലെ മുഖ്യ റബ്ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജൂത നിയമങ്ങളെക്കുറിച്ച് അറിയാത്ത നിരുത്തരവാദികളാണ് ഇത് ചെയ്തതെന്നതില്‍ സംശയമില്ല. അത്തരം പെരുമാറ്റങ്ങള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്' - റബ്ബി ശ്ലോമോ അമര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയിലാണ് പ്രസ്താവന പുറത്തിറക്കിയത്. ഇത് അപൂര്‍വ്വമാണ്.

ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍, പ്രത്യേകിച്ച് കത്തോലിക്കര്‍, ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ പുരോഹിതന്മാരും കന്യാസ്ത്രീകളും, ജറുസലേമിലെ നഗരവീഥികളിലൂടെ കടന്നുപോകുമ്പോള്‍ യഹൂദ യുവാക്കള്‍ തങ്ങളെ ശപിക്കുകയോ തുപ്പുകയോ ചെയ്തതായി പരാതിപ്പെട്ടിട്ടുണ്ട്.

ഇസ്രായേലില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ ഏറെ വിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും വെളിപ്പെടുത്തലുണ്ടായിരുന്നു. പള്ളികള്‍ക്കു നേരെ ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.