തിരുവനന്തപുരം: കോഴി വില കിലോയ്ക്ക് 50 രൂപ വരെ കൂടി. ഇതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പ്‌ളേറ്റിന് 100 രൂപ വരെയാണ് വര്‍ധനവ്. മൂന്ന് പീസുള്ള ചിക്കന്‍ കറിക്ക് 160-220 രൂപ വരെയാക്കി. ഫ്രൈയ്ക്ക് 300 രൂപയും. രണ്ടു പീസുള്ള ബിരിയാണിക്ക് 180-300 രൂപ. രണ്ടാഴ്ചക്കിടെയാണ് പൊള്ളുന്ന വിലക്കയറ്റം.
തമിഴ്നാട്ടില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. ഒരു കിലോ കോഴിയിറച്ചിക്ക് (ലൈവ് ചിക്കന്‍)160 -180 രൂപയാണ്. രണ്ടാഴ്ച മുന്‍പ് 115-125 രൂപയായിരുന്നു. തട്ടുകടകളിലും ചെറിയ ഹോട്ടലുകളിലും വില കാര്യമായി കൂടാത്തതാണ് ജനങ്ങള്‍ക്ക് ആശ്വാസം.
വിഭവങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്നേ നിയമമുള്ളൂ. വിഭവങ്ങളുടെ അളവും വിലയും ഹോട്ടല്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. ഹോട്ടല്‍ വിഭവങ്ങള്‍ക്ക് ഏകീകൃത വില നിര്‍ണയം വരാത്തിടത്തോളം ചൂഷണം കണ്ടില്ലെന്ന് നടിക്കുകയേ നിവര്‍ത്തിയുള്ളു. സാധന വിലയുടെയും മറ്റു ചെലവുകളുടെയും അടിസ്ഥാനത്തില്‍ ഹോട്ടലുകളുടെ ഗ്രേഡ് നിശ്ചയിച്ച് ഏകീകൃത വില ഏര്‍പ്പെടുത്തുകയാണ് പരിഹാരം. ഇതില്‍ ഉപഭോക്തൃ വകുപ്പോ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ട് കിലോയുള്ള കോഴിയില്‍ നിന്ന് 1.3 കിലോ മാംസം ലഭിക്കും. രണ്ട് കിലോ കോഴിക്ക് 350 രൂപ. 1.3 കിലോയില്‍ നിന്ന് അഞ്ച് ഫുള്‍ ഫ്രൈ. ഒരു ഫ്രൈക്ക് 300 രൂപ വച്ച് ഒരു കോഴിയില്‍ നിന്ന് 1500 രൂപ. എണ്ണ, മസാല, ജോലിക്കൂലി മാറ്റിയാലും കൊള്ള ലാഭമാണ്.
കോഴി വില നിശ്ചയിക്കുന്നത് തമിഴ്‌നാട് ലോബിയാണ്. തിരുപ്പൂര്‍ ജില്ലയിലെ പല്ലടം ആണ് കോഴി വളര്‍ത്തലിന്റെ പ്രധാന കേന്ദ്രം. 40 ദിവസമാണ് കോഴി വളര്‍ത്താന്‍ വേണ്ടത്. ഏപ്രില്‍, മെയ് മാസങ്ങളിലെ വേനലില്‍ ഫാമില്‍ വളര്‍ത്തുന്ന കോഴികളില്‍ ഭീമമായ എണ്ണം ചാവുകയും കോഴി വളര്‍ത്തല്‍ കുറയുകയും ചെയ്തിരുന്നു. ആവശ്യത്തിന് സ്റ്റോക്കില്ലാതെ വന്നതോടെയാണ് വില കൂട്ടിയത്. കേരളത്തിലെ കര്‍ഷകര്‍ പിന്തുടരുന്നതും ഈ വിലയാണ്.
കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കി, അവര്‍ വളര്‍ത്തി നല്‍കുന്ന കോഴികളെ തൂക്കി വാങ്ങുന്ന കെപ്‌കോയിലും സ്റ്റോക്കില്ല. കഴിഞ്ഞ മാസങ്ങളില്‍ കോഴിക്കുഞ്ഞുങ്ങളെ കെപ്‌കോ നല്‍കിയിരുന്നില്ല. അതിനാല്‍ സ്വകാര്യ ഫാമുകളില്‍ നിന്ന് കൂടുതല്‍ വിലകൊടുത്താണ് കെപ്‌കോ കോവികളെ വാങ്ങുന്നത്.
ചിക്കന്‍ വിഭവങ്ങളുടെ വില ഇങ്ങനെ:
ബിരിയാണി- 180-300
ചിക്കന്‍ ഫ്രൈ- 250-300
ചില്ലി ചിക്കന്‍- 230-295
ജിഞ്ചര്‍ ചിക്കന്‍- 240-280
ബട്ടര്‍ ചിക്കന്‍- 250-275
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.