ഓസ്ട്രേലിയയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 10 പേർ മരിച്ചു, 20ലധികം പേർ ആശുപത്രിയിൽ

ഓസ്ട്രേലിയയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 10 പേർ മരിച്ചു, 20ലധികം പേർ ആശുപത്രിയിൽ

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തുണ്ടായ ബസ് അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. 20ലേറെ പേര്‍ക്ക് പരുക്കേറ്റു. വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ​ഗുരുതര പരിക്ക് പറ്റിയവരെ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടര്‍ വാലിയില്‍ ഗ്രെറ്റയുടെ സമീപം വൈന്‍ കൗണ്ടി ഡ്രൈവില്‍ വെച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ദാരുണമായ അപകടം നടന്നത്.

അപകടത്തിനു പിന്നാലെ 58കാരനായ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. സിംഗിള്‍ടണ്‍ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു യാത്രക്കാര്‍. ഹൈവേയില്‍ റൗണ്ട് എബൗട്ടില്‍ വെച്ച് തിരിയുമ്പോള്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഫോറൻസിക് പോലീസും ഇൻവെസ്റ്റിഗേഷൻ യൂണിറ്റും പ്രദേശം പരിശോധിച്ചുവരികയാണ്. ഡ്രൈവർക്കെതിരെ കുറ്റം ചുമത്തുമെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ട്രേസി ചാപ്‌മാൻ പറഞ്ഞു. എന്നാൽ അപകടത്തിന്റെ കാരണം പോലിസ് സംഘം വെളിപ്പെടുത്തിയിട്ടില്ല.

അപകടത്തെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി അനുശോചനം രേഖപ്പെടുത്തി. ഈ ഭയാനകമായ ബസ് ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് അഗാധമായ അനുശോചനം അറിയിക്കുന്നെന്ന് ആൽബനീസി ട്വിറ്ററിൽ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26