ബൊഗാട്ട: കൊളംബിയയിലെ ആമസോണ്‍ മഴക്കാടുകളില്‍ 40 ദിവസം അകപ്പെട്ട കുട്ടികളുടെ അതിജീവന കഥ ലോകത്തെ ആവേശം കൊള്ളിക്കുമ്പോഴും ഹൃദയഭേദകമായ പുതിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. സിനിമകളെപ്പോലും തോല്‍പിക്കുന്ന സാഹസിക അനുഭവങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയുമാണ് നാല് സഹോദരങ്ങളും നാല്‍പതു ദിവസത്തിനിടെ കടന്നുപോയത്. ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത് അനുസരിച്ച് വിമാനാപകടത്തിനു ശേഷം നാല് ദിവസത്തോളം കുട്ടികളുടെ അമ്മ മഗ്ദലീനയ്ക്ക് ജീവനുണ്ടായിരുന്നു. കുട്ടികളുടെ പിതാവ് മാനുവല്‍ റോണോഖ് ആണ് ഭാര്യയുടെ അവസാന നാളുകള്‍ മാധ്യമങ്ങളോടു വിവരിച്ചത്.
മൂത്ത മകള്‍ 13 വയസുകാരി ലെസ്ലിയാണ് അമ്മ നാലു ദിവസം ജീവനോടെയുണ്ടായിരുന്ന കാര്യം പിതാവിനെ അറിയിച്ചത്. ജീവന് വേണ്ടി യുവതി പൊരുതിയെങ്കിലും, തന്നെക്കൊണ്ട് ആകില്ലെന്ന് മനസിലായപ്പോള്‍ മക്കള്‍ എങ്കിലും രക്ഷപ്പെടാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് തന്നെ ഉപേക്ഷിച്ചു പോകാനും അവര്‍ പറഞ്ഞു.
മരിക്കുന്നതിനുമുമ്പ് അമ്മ മക്കളോട് പറഞ്ഞു - 'നിങ്ങള്‍ മുന്നോട്ടു പോകണം. നിങ്ങളുടെ അച്ഛന്‍ എങ്ങനെയുള്ള ആളാണെന്ന് നിങ്ങള്‍ മനസിലാക്കാന്‍ പോകുകയാണ്. ഞാന്‍ നിങ്ങളോട് കാണിച്ച അതേ സ്‌നേഹം നിങ്ങള്‍ക്ക് അച്ഛനില്‍നിന്നു ലഭിക്കും'.
വിമാനാപകടം നടന്നപ്പോള്‍ തന്നെ പൈലറ്റിനും ബന്ധുവിനുമൊപ്പം കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, അപകടം നടന്ന് നാല് ദിവസം കഴിഞ്ഞാണ് ഈ യുവതി മരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് ഒന്നിന് അമ്മ മഗ്ദലീനക്കൊപ്പം ചെറുവിമാനത്തില്‍ യാത്ര തിരിച്ചതായിരുന്നു ലെസ്ലിയും മൂന്നു പിഞ്ചു സഹോദരങ്ങളും. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പുറപ്പെട്ട സെസ്‌ന 206 എന്ന വിമാനം കാകെറ്റ പ്രവിശ്യയിലെ ഉള്‍ക്കാട്ടില്‍ തകര്‍ന്നുവീഴുകയായിരുന്നു. എഞ്ചിന്‍ തകരാറാണ് വിമാനത്തെ തകര്‍ത്തത്. രണ്ടാഴ്ച തിരച്ചില്‍ നടത്തിയതിനൊടുവില്‍ മെയ് 15ന് തകര്‍ന്ന വിമാനം സൈന്യം കണ്ടെത്തി. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങള്‍ തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തിയിരുന്നു.
ഏതാനും മാസങ്ങളായി ഗറിലകളുടെ ഭീഷണി മൂലം ഒളിവില്‍ കഴിയുന്ന പിതാവിനെ കാണാനാണ് കുട്ടികള്‍ അമ്മയോടൊപ്പം വിമാനത്തില്‍ പറന്നത്.
അതേസമയം, വിമാനം ഉള്‍ക്കാട്ടില്‍ തകര്‍ന്ന് വീണ് അമ്മയെ നഷ്ടമായിട്ടും പതറാതെ, ഇളയ കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് അമ്മയുടെ കരുതലോടെ ജീവിച്ച ലെസ്ലിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ നായിക. നാല്, ഒന്‍പത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍, ഒപ്പം പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞും. അമ്മയുടെ മൃതദേഹം മറികടന്ന് നടന്നുനീങ്ങുമ്പോള്‍ ലെസ്ലിയുടെ കയ്യില്‍ മൂന്ന് ജീവനുകളാണ് ഉണ്ടായിരുന്നത്
പാമ്പും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും പ്രാണികളും ധാരാളമുള്ള പ്രദേശത്ത് ഒരു മാസത്തിലേറെ ചെലവഴിച്ചതിന് ശേഷം വെള്ളിയാഴ്ച ഒരു സൈനിക സ്‌നിഫര്‍ നായയാണ് ഹുയിറ്റൊട്ടോ തദ്ദേശീയ സമൂഹത്തിലെ അംഗങ്ങളായ സഹോദരങ്ങളെ കണ്ടെത്തിയത്.
'എന്റെ കൊച്ചുമകള്‍ ധീരയാണ്. സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ചത് അവളുടെ മനോധൈര്യമാണ്... സഹോദരങ്ങളെ എങ്ങനെ നോക്കണമെന്ന് അവള്‍ക്ക് നന്നായറിയാം. അവരൊരിക്കലും അവള്‍ക്കൊരു ഭാരമായിരുന്നില്ല. അനുജത്തിമാരെയും കുഞ്ഞിനെയും അവള്‍ അത്രയും കരുതലോടെയാണ് നോക്കിയത്.' - കുട്ടികളുടെ മുത്തശ്ശി പറയുന്നു.
വന്യമൃഗങ്ങളുടെ ഇടയില്‍ അതിശൈത്യവും കൊടുങ്കാറ്റും നേരിട്ട് കുഞ്ഞ് സഹോദരങ്ങളെ ചേര്‍ത്തുപിടിച്ച് 40 ദിവസമാണ് വെറും പതിമൂന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടി ഘോരവനത്തിനുള്ളില്‍ കഴിച്ചുകൂട്ടിയത്. ഒന്‍പതുകാരിയായ സോളിനി, നാലുവയസുകാരി ടിയന്‍, ഒരു വയസു മാത്രമായ ക്രിസ്റ്റിന്‍ എന്നിവര്‍ക്കൊപ്പം ലെസ്ലിയെ രക്ഷാദൗത്യ സേന കണ്ടെത്തുമ്പോള്‍ വലിയ പരിക്കുകള്‍ അവര്‍ക്കുണ്ടായിരുന്നില്ല. ആത്മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും തിളക്കം അപ്പോഴും ലെസ്ലിയുടെ കണ്ണുകളില്‍ കാണാമായിരുന്നു.
വേട്ടയാടല്‍, മത്സ്യബന്ധനം, വിറക്-ഭക്ഷണം ശേഖരിക്കല്‍ എന്നിവയ്ക്കായി വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമായിരുന്നു. കാടിനെ കുറിച്ചുള്ള അറിവ് കുട്ടികളെ രക്ഷപെടാന്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.
'കാട്ടില്‍ ധാരാളം വിഷമുള്ള പഴങ്ങള്‍ ഉള്ളതിനാല്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതാണെന്ന് ലെസ്ലിക്ക് നന്നായി അറിയാമായിരുന്നു. ഒരു കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്നും അവള്‍ക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ല. വിമാന യാത്രയില്‍ കരുതിയിരുന്ന മൂന്നു കിലോ കപ്പപ്പൊടിയും കാട്ടില്‍നിന്നു ശേഖരിച്ച പഴങ്ങളുമാണ് അവള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്തത് - ലെസ്ലിയുടെ മുത്തശ്ശി പറയുന്നു. ചെറുപ്പം മുതലേ മുത്തശ്ശിയുടെ കൂടെയാണ് ലെസ്ലിയും സഹോദരങ്ങളും വളര്‍ന്നത്.
സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘത്തിലെ അംഗമായ നിക്കോളാസ് ഓര്‍ഡോണസ് ഗോമസ്, കുട്ടികളെ കണ്ടെത്തിയ നിമിഷം അനുസ്മരിച്ചു. 'മൂത്ത മകള്‍ ലെസ്‌ലി, അവളുടെ കൈകളില്‍ ചെറിയ കുട്ടിയുമായി എന്റെ അടുത്തേക്ക് ഓടിവന്നു, അവള്‍ പറഞ്ഞു: 'എനിക്ക് വിശക്കുന്നു,'
'രണ്ട് ആണ്‍കുട്ടികളില്‍ ഒരാള്‍ കിടന്നുറങ്ങുകയായിരുന്നു. അവര്‍ എഴുന്നേറ്റ് എന്നോട് പറഞ്ഞു: 'എന്റെ അമ്മ മരിച്ചു'. ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും കുടുംബം അയച്ചതാണെന്നും പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എല്ലാ കുട്ടികളും വിശന്ന് വലഞ്ഞിരുന്നു. അവര്‍ക്ക് എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു - രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ദൗത്യസേന അരികിലെത്തുമ്പോള്‍ ക്രിസ്റ്റിന്‍ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് എങ്ങനെയാണ് ഈ കൊടുംകാടിനുള്ളില്‍ ഇത്രയും ദിവസം ജീവനോടെ എന്ന ചോദ്യം ദൗത്യസേനയുടെ മുഖത്തുണ്ടായിരുന്നു. അതിന് ഉത്തരമായായിരുന്നു പതിമൂന്നുകാരി ലെസ്ലി.
നിലവില്‍ തലസ്ഥാനമായ ബൊഗോട്ടയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.