വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പ, പതിവുപോലെ ഈ കഴിഞ്ഞ ബുധനാഴ്ചയും ജനങ്ങളുമായി സംവദിച്ചു. കോവിട് ഭീഷണിയെത്തുടർന്ന് നേരിട്ടുള്ള കൂടികാഴ്ച മാറ്റിവച്ച് ഓൺലൈനിൽ ആയിരുന്നു പൊതുദർശനം. നമ്മുടെ ജീവിതത്തിൽ മധ്യസ്ഥപ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ആഴ്ചത്തെ പൊതുദർശനവേളയിൽ പാപ്പാ പഠിപ്പിച്ചത്.
"പ്രാർത്ഥിക്കുന്നവർ ഒരിക്കലും ലോകത്തെ അവരുടെ പിന്നിൽ ഉപേക്ഷിക്കുന്നില്ല"പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചു. മനുഷ്യരാശിയുടെ സന്തോഷങ്ങളും സങ്കടങ്ങളും, പ്രതീക്ഷകളും ഉത്ക്കണ്ഠകളും ഒരുപോലെ നമ്മുടെ പ്രാർത്ഥനയിൽ പരിഗണിക്കപ്പെടണമെന്നും അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥന വെറും അലങ്കാരത്തിന് വേണ്ടി മാത്രമായിരിക്കും എന്നും പാപ്പാ പറഞ്ഞു . ഓരോ ക്രിസ്ത്യാനിയും അപ്പമാകാൻ വിളിക്കപ്പെട്ടവനാണ്; ദൈവത്തിന്റെ കൈകളാൽ മുറിക്കപ്പെട്ട്, പങ്കിട്ട് നൽകപ്പെടാനുള്ള അപ്പം. “പ്രാർത്ഥനയിൽ, ദൈവം നമ്മെ സ്വീകരിക്കുകയും, അനുഗ്രഹിക്കുകയും, എന്നിട്ട് നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി മുറിച്ചുനൽകുകയും ചെയ്യുന്നു” പാപ്പാ പഠിപ്പിച്ചു . യാഥാർത്ഥ്യത്തിൽനിന്ന് രക്ഷപ്പെടാതെ തന്നെ നമ്മുടെ ദൈവവുമായുള്ള ബന്ധത്തിനായി നീക്കിവച്ചിരിക്കുന്ന സ്ഥലത്തേക്കും സമയത്തിലേക്കും പ്രവേശിക്കുവാൻ കഴിയുന്ന ആന്തരികത നമുക്കെല്ലാവർക്കും ആവശ്യമാണ് .
ഏകാന്തതയിലും നിശബ്ദതയിലും പ്രാർത്ഥിക്കുന്നത് വിഷമാവസ്ഥ ജീവിതത്തിൽ ഉണ്ടാകാതിരിക്കാനല്ല, മറിച്ച് ദൈവത്തിന്റെ ശബ്ദം തെളിവായി കേൾക്കാനാണ് .മത്താ: 6: 6ൽ പറയുന്നതുപോലെ ലോകത്തിൽനിന്നു പിന്മാറി അവരവരുടെ മുറിയിൽ രഹസ്യത്തിലായിരിന്നുകൊണ്ടുള്ള പ്രാർത്ഥന . ജീവിതത്തിൽ സ്വയമായി പ്രാർത്ഥിക്കാത്തവർക്കുവേണ്ടിയും, വഴിതെറ്റിയവർക്കുവേണ്ടിയുമുള്ള രഹസ്യത്തിലുള്ള പ്രാർത്ഥനയാണിത് , പാപ്പാ ഓർമ്മിപ്പിച്ചു.
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നവർ ഈ ലോകത്തിൽ ദൈവത്തിന്‍റെ ഒരു "ആന്‍റിന" ആയി പ്രവർത്തിക്കുന്നു . പ്രാർത്ഥനയുടെ മനുഷ്യൻ ദരിദ്രനിലും, പുറന്തള്ളപ്പെട്ടവനിലും ദൈവത്തിന്‍റെ മുഖം കാണുന്നു.എല്ലാത്തിൽനിന്നും എല്ലാവരില്‍നിന്നും വേർപെട്ട് ഏകാന്തതയിലായിരുന്നുകൊണ്ട്, ലോകംമുഴുവനുവേണ്ടിയും ദൈവത്തിൽനിന്നും അകന്നുപോയവരെ തിരികെക്കൊണ്ടുവരാൻ വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവരുടെ വേദന അവർ സ്വന്തം ചുമലിൽ വഹിക്കുന്നു, പാപ്പാ ഓർമ്മിപ്പിച്ചു . തിരുസഭയുടെ മതബോധനഗ്രന്ഥത്തിൽ മാധ്യസ്ഥം വഹിക്കുക അല്ലെങ്കിൽ മറ്റൊരാൾക്കു വേണ്ടി പ്രാർത്ഥിക്കുക എന്നത് 'ദൈവത്തിന്റെ കാരുണ്യവുമായി ഒത്തുപോകുന്ന ഹൃദയത്തിന്റെ പ്രത്യേക അവകാശവും, ക്രിസ്തുദൗത്യത്തിൽ പങ്കുചേരലും, വിശുദ്ധരുമായുള്ള കൂട്ടായ്മയുടെ പ്രകടനവുമാണ് ' (No; 2635)പാപ്പാ കാട്ടിത്തന്നു .
സഹോദരനെ സ്നേഹിക്കാത്തവർക്ക് സ്വസ്ഥമായി പ്രാർത്ഥിക്കുവാനാവില്ല . ഹൃദയമുള്ളവനും ലാളിത്യമുള്ളവനുമാണ് പ്രാർത്ഥനയുടെ മനുഷ്യൻ. കൂടുതൽ ആഴത്തിൽ മറ്റുള്ളവനെ ഉൾക്കൊള്ളാൻ സാധിക്കുന്ന വ്യക്തിയ്ക്ക് വീഴുന്നവനെ ഉപേക്ഷിക്കുകയോ നിരസിക്കുകയോ ചെയ്യാതെ പ്രാർത്ഥിക്കാനാകുന്നു .
പരിശുദ്ധാത്മാവിനാൽ പ്രേരിതനായി ഒരുവൻ പ്രാർത്ഥിക്കുമ്പോഴാണ് അവന് വേർതിരിവോ മുൻവിധിയോ ഇല്ലാതെ പാപികൾക്കുവേണ്ടി പ്രാർത്ഥികാനാവുന്നത്. താൻ ആരെയുംകാൾ മെച്ചമല്ലെന്നും എല്ലാവരും ഒരുപോലെ ദുർബലരാണെന്നും തിരിച്ചറിയുമ്പോൾ ബൈബിളിലെ ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയ്ക്ക് (ലൂക്കാ 18: 9-14) ഇന്നും പ്രസക്തി ഉണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു . സങ്കീ 143: 2 ഉദ്ധരിച്ച പാപ്പാ , നമ്മെ കൂടുതൽ ദൈവത്തിലേക്ക് തിരിക്കുന്ന ഒരു പ്രാർത്ഥനയായാണ് ആ സങ്കീർത്തന ഭാഗത്തെ വിശേഷിപ്പിച്ചത് : "കർത്താവേ, അങ്ങേ മുന്നിൽ ഞങ്ങളാരും നീതിമാന്മാരല്ല .ഞങ്ങൾ അങ്ങേമുൻപിൽ വലിയ കടക്കാരാണ്; അങ്ങയുടെ കണ്മുൻപിൽ കുറ്റമറ്റവരായി ആരെയും കണ്ടെത്താനാവില്ല. കർത്താവേ ഞങ്ങളോട് കരുണയായിരിക്കേണമേ!”.
സ്വന്തം മക്കൾ പാപത്തിൽ വീണ് അതിൽ തുടരുമ്പോഴും തന്നെ ഉപേക്ഷിച്ച് പോകുമ്പോഴും അവരോട് വിശ്വസ്തനായിരിക്കുന്ന വ്യക്തിയാണ് നല്ലിടയൻ; അവൻ തന്റെ ഇടയ ധർമ്മത്തിൽ എപ്പൊഴും ഉറച്ചുനിൽക്കും . സഭാംഗങ്ങളെല്ലാം മധ്യസ്ഥപ്രാർത്ഥന നടത്താൻ കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് മാതാപിതാക്കൾ, അധ്യാപകർ, സഭാധികാരികൾ എന്നിവർ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാണ്. അബ്രഹാമിനെയും മോശയെയും പോലെ, തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അജഗണത്തിനുവേണ്ടി മധ്യസ്ഥപ്രാർത്ഥനകൊണ്ട് "പ്രതിരോധം" തീർക്കേണ്ടവരാണ് അവർ . അങ്ങനെ, ദൈവത്തിന്‍റെ കണ്ണിൽക്കൂടി അവരെക്കാണാനും അവന്റെ ഹൃദയത്തോടുകൂടി അവരോട് അനുകമ്പയും ആർദ്രതയും കാണിക്കാനും കഴിയണം.
നാമെല്ലാവരും ഒരേ വൃക്ഷത്തിന്‍റെ ഇലകളാണ്. അതിനാൽ, പ്രാർത്ഥനയിലൂടെ നാം പരസ്പരം പരിപോഷിപ്പിക്കണം. പരസ്പരം സഹതാപവും ദയയും ഉള്ളവരായിരിക്കണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു . പ്രാര്‍ത്ഥനയോടെ മാർപാപ്പ ഉപസംഹരിച്ചു ," ക്രിസ്തുവിന്റെ വെളിച്ചം ഈ ആഗമനകാലത്ത് നമ്മുടെ പാതകളെ പ്രകാശിപ്പിക്കുകയും, ഹൃദയത്തിലെ അന്ധകാരം അകറ്റുകയും ചെയ്യട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ സന്തോഷവും സമാധാനവും നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയുംമേൽ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ." എല്ലാവരെയും ആശീർവദിച്ചുകൊണ്ടു മാർപാപ്പ ബുധനാഴ്ച പ്രഭാഷണം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26