കോംഗോയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 23 കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 23 കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 23 പേര്‍ കുട്ടികളാണ്. ആറു പേര്‍ക്കു മാരകമായി പരിക്കേറ്റു. ഇറ്റുരി പ്രവിശ്യയിലെ ലാല ക്യാമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. കോ-ഓപറേറ്റിവ് ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് കോംഗോ (കോഡെകോ) എന്ന സായുധ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തെ യുഎന്‍ അപലപിച്ചു.

വംശീയ സംഘട്ടനം പതിവായ രാജ്യത്ത് ഗോത്രവിഭാഗമായ ലെന്‍ഡു സമുദായത്തിന്റെ സംരക്ഷണത്തിനായി രൂപവത്കരിച്ച സംഘടനയാണിത്. ക്യാമ്പിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തുരുതുരാ വെടിവെക്കുകയും തമ്പുകള്‍ക്ക് തീയിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ താമസിച്ചിരുന്ന ക്യാമ്പാണിത്.

ഒരു വര്‍ഷത്തിനിടെ പ്രദേശത്തുണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മറ്റ് സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരിക്കാം കൂട്ടക്കൊലയെന്നാണ് അനുമാനം.

ഇറ്റുരിയില്‍ സായുധ സംഘങ്ങള്‍ തമ്മില്‍ സന്ധി സംഭാഷണം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രദേശത്തെ നടുക്കിയ ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം മറ്റൊരു ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റു പ്രദേശങ്ങളിലെ സായുധ സംഘര്‍ഷങ്ങള്‍ കാരണം 70,000ത്തോളം പേര്‍ കഴിഞ്ഞ ഏപ്രില്‍ 15നും മേയ് 15നും ഇടക്ക് ഇറ്റുരിയിലെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.